മുന്നറിയിപ്പ് ബോര്‍ഡുകളില്ല; അപകടങ്ങള്‍ പതിവാകുന്നു

PKD-SIGNBOARDകുമരംപുത്തൂര്‍: ദേശീയപാത 213 ല്‍ കല്ലടി ഹൈസ്കൂളിനും കുമരംപുത്തൂര്‍ പഞ്ചായത്ത്  ഓഫീസിനും ഇടയിലുള്ള എസ് വളവില്‍ റോഡപകടങ്ങള്‍ പതിവാകുന്നു. മുന്നറിയിപ്പു സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. വലിയ വളവായിട്ടും അത് സൂചിപ്പിക്കുന്ന യാതൊരുവിധ സിഗ്നല്‍ സംവിധാനങ്ങളുമില്ല. കല്ലടി കോളജിനുസമീപവും കുമരംപുത്തൂര്‍ സൊസൈറ്റി ജംഗ്ഷനിലുമുള്ള ഇറക്കങ്ങള്‍ അവസാനിക്കുന്നത് വളവിലാണ്.

ഇരുവശത്തുനിന്നും വാഹനങ്ങള്‍ അമിതവേഗതയിലാണ് ഇവിടെയെത്തുന്നത്.  വളവുതിരിഞ്ഞുവരുന്ന വാഹനങ്ങള്‍ പെട്ടെന്ന് കാണാനാവാത്തതും അപകടത്തിനുകാരണമാകുന്നു. കഴിഞ്ഞ ആഴ്ചയില്‍ വേനല്‍മഴയില്‍ റോഡുതെന്നി ടെമ്പോ  കെഎസ്ആര്‍ടിസി ബസിലിടിച്ച് എതിര്‍വശത്തുള്ള പോസ്റ്റും തകര്‍ത്താണ് നിന്നത്.

രണ്ടുമാസം മുമ്പും ഇവിടെ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചിരുന്നു. ഇതുകൂടാതെ നിരവധി അപകടങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. ആവശ്യമായ സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Related posts