ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച രണ്ടു തമിഴ് യുവതികള്‍ അറസ്റ്റില്‍

ekm-arrestthiruttuവരാപ്പുഴ: ബസില്‍ യാത്രചെയ്യുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ടു യുവതികളെ വരാപ്പുഴ പോലീസ് പിടികൂടി. കോയമ്പത്തൂര്‍ ഉക്കടം മുരുകപുരം റോഡില്‍ മുത്തമ്മ അജിത്ത് (20), മയസ് അന്തോണി (28) എന്നിവരാണ് അറസ്റ്റിലായത്. പറവൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകാന്‍ സ്വകാര്യ ബസില്‍ കയറിയ ചിറയ്ക്കകം ശാന്തിനഗര്‍ റോഡില്‍ പള്ളിപ്പറമ്പ് വീട്ടില്‍ സജീലന്റെ ഭാര്യ ദീപ (40)യുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം.

ബസ് വരാപ്പുഴ ടോള്‍ ബൂത്തിന് സമീപമെത്തിയപ്പോള്‍ തന്നെ ആരോ സ്പര്‍ശിക്കുന്നതായി ദീപയ്ക്ക് തോന്നി. കഴുത്തില്‍ നോക്കിയപ്പോള്‍ മാല പൊട്ടിയിരിക്കുന്നത് കണ്ടു. തിരിഞ്ഞ് നോക്കിയപ്പോഴാണ് പൊട്ടിയ മാലയുടെ ബാക്കി പുറകില്‍ നിന്ന യുവതിയുടെ കൈയിലുള്ളത് ശ്രദ്ധയില്‍പ്പെട്ടത്. ബഹളം വച്ച് ബസ് നിര്‍ത്തിയതിനുശേഷം ദീപയും ബസിലെ മറ്റു യാത്രക്കാരും ചേര്‍ന്ന് വരാപ്പുഴ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ വരാപ്പുഴ എസ്‌ഐ ഷാരോണിന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് സിന്ധു, സ്വപ്‌ന, എസ്‌ഐ എല്‍ദോസ്, എസ്‌സിപിഒ ആന്റണി എന്നിവര്‍ സ്ഥലത്തെത്തി തമിഴ് യുവതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts