മുക്കം: മുക്കത്തെ സാംസ്ക്കാരിക കൂട്ടായ്മയായ “മാനവം” ഓഫീസായി പ്രവര്‍ത്തിക്കുന്ന മുക്കം കടവ് പാലത്തിന് സമീപത്തെ എസ്കെ പൊറ്റക്കാട് സ്മൃതി കേന്ദ്രത്തിലെ മുളകൊണ്ട് നിര്‍മ്മിച്ച ഇരിപ്പിടങ്ങള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. ഇരിപ്പിടം ഒരുക്കാന്‍ ഉപയോഗിച്ച മുളകള്‍ മോഷണം പോയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരിപ്പിടങ്ങള്‍ നശിപ്പിച്ചത്.കാരശ്ശേരി പഞ്ചായത്ത്ഉടമസ്ഥതയിലുള്ള സ്മൃതി കേന്ദ്രവും പരിസരവും ഓഫീസ് പ്രവര്ത്തനത്തിനുംപരിപാലനത്തിനുമായി പഞ്ചായത്ത് മാനവത്തെ ഏല്‍പ്പിച്ചതാണ്.
പുഴയോരത്ത് പഞ്ചായത്ത് ഒരുക്കിയ “ഹരിത ഓഡിറ്റോറിയമായി ” തീര്‍ന്ന മുളങ്കാടും പരിസരവും മാനവം പ്രവര്‍ത്തകര്‍ ശുചിയാക്കി ഉപയോഗക്ഷമമാക്കുകയായിരുന്നു. ഇതിനു ശേഷം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പതിവായി ഇവിടെയെത്തുന്നത്. സന്ദര്‍ശകരുടെയും മറ്റും ആവശ്യവും സൗകര്യവും പരിഗണിച്ച് പതിനായിരത്തോളം രൂപ ചെലവിട്ടാണ് മുളങ്കാടില്‍ മുളകൊണ്ടുള്ള മനോഹരമായ ഇരിപ്പിടങ്ങള്‍ നിര്‍മ്മിച്ചത്.
ഇതാണ് സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ച ത്. ഇരിപ്പിടങ്ങള്‍ തകര്‍ത്ത് പുഴയിലെറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. മാനവം പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്കി. പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദിന്റെ നേതൃത്വത്തില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു ,മെമ്പര്‍ എം ടി അഷ്റഫ് ,മാനവം ഭാരവാഹികള്‍ എന്നിവര്‍ ഒപ്പമുണ്ടായി.