മട്ടന്നൂര്‍: അപൂര്‍വ സ്റ്റാമ്പ് ശേഖരവുമായി വിദേശ മലയാളി. മട്ടന്നൂര്‍ നഗരസഭയിലെ നായിക്കാലി ഗോവിന്ദത്തില്‍ എം. ശ്രീധരനാണ് സ്റ്റാമ്പ് ശേഖരത്തില്‍ ശ്രദ്ധേയമായിരിക്കുന്നത്. സൗദിയില്‍ ഫര്‍ണിച്ചര്‍ ജോലി ചെയുന്ന ഈ 45 കാരന്റെ കൈവശം 8000 ത്തോളം സ്റ്റാമ്പുകളുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുളള 200 ഓളം രാജ്യങ്ങളുടെ സ്റ്റാമ്പുകളാണു ശേഖരിച്ചുവച്ചിരിക്കുന്നത്. ജപ്പാന്, ആഫ്രിക്ക, മലേഷ്യ, ഗള്‍ഫ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ സ്റ്റാമ്പുകളാണ് ശ്രീധരന്റെ ശേഖരത്തിലുളളത്. പതിനാറാം വയസില്‍ തീപ്പെട്ടിപ്പെട്ടിയുടെ ചിത്രം ശേഖരിച്ച് തുടങ്ങിയതാണു സ്റ്റാമ്പ് ശേഖരണത്തിലെത്തിയതെന്നു ശ്രീധരന് പറയുന്നു. തീപ്പെട്ടിയുടെ കവര്‍ ചിത്രം ശേഖരിച്ച് ഏറെയായതോടെ സ്റ്റാമ്പ് ശേഖരിക്കാന്‍ തുടങ്ങുകയായിരുന്നു.
ജോലി സ്ഥലത്തു നിന്നും സുഹൃത്തുക്കളില്‍ നിന്നും മറ്റുമായാണ് അപൂര്‍വ സ്റ്റാമ്പുകള്‍ ശേഖരിച്ചത്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയുന്നവരുടെ വീടുകളില്‍ നിന്നും ഉപേക്ഷിക്കുന്ന ലെറ്റര്‍ കവറുകളില്‍ നിന്നുമാണ് സ്റ്റാമ്പ് ശേഖരിച്ചു വരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വിദേശത്ത് ജോലി തേടി പോയ ശ്രീധരന് അവിടെ വച്ചും സ്റ്റാമ്പ് ശേഖരിക്കുകയായിരുന്നു.
ഭാര്യയ്ക്കും മക്കള്‍ക്കും ലഭിക്കുന്ന സ്റ്റാമ്പുകളും എത്തിച്ചു നല്കാറുണ്ടെന്നു ശ്രീധരന് പറയുന്നു. ശേഖരിച്ച സ്റ്റാമ്പുകള്‍ വലിയ പേപ്പര്‍ ഷീറ്റില്‍ പതിച്ചു സൂക്ഷിച്ചിരിക്കുകയാണ്. അപൂര്‍വ്വ സ്റ്റാമ്പുകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കുന്നതിന് സ്കൂളില്‍ ശ്രീധരന് സ്റ്റാമ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. ശ്രീധരന് വിദേശത്തുനിന്നു നാട്ടിലെത്തിയാലാണു പ്രദര്‍ശനം നടത്താറുളളതെങ്കിലും ഭാര്യ സിന്ധു മക്കളുടെ സഹായത്തോടെ പ്രദര്‍ശനം നടത്താറുണ്ട്.