കളക്ടര്‍ എന്‍. പ്രശാന്തും എംപി എം.കെ രാഘവനും തമ്മിലുള്ള വാക്പോര് സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പോസ്റ്റും കമന്റുകളും ട്രോളുകളും വെബ് ലിങ്കുകളുമെല്ലാം ഫേസ്ബുക്കില്‍ നിറയുകയാണ്. വാട്സ്ആപ്പിലും തമ്മിലടി സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ കൊഴുക്കുന്നുണ്ട്. എംപി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ഭരണാനുമതിയുമായി ബന്ധപ്പെട്ടാണ് കളക്ടറും എംപിയും തമ്മില്‍ പരസ്യപ്പോര് തുടങ്ങിയത്. നേരത്തേമറ്റു ചിലവിഷയങ്ങളില്‍ ഇരുവരും തമ്മിലുണ്ടായ ഭിന്നതകള്‍ വാര്‍ത്തായായി പുറത്തുവന്നിരുന്നെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ പരക്കെ ചര്‍ച്ചയാകുന്നത്.
കളക്ടര്‍ മാപ്പു പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനു കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത് കൊണ്ടാണ് കളക്ടര്‍ പരിഹാസരൂപേണ മറുപടി നല്‍കിയത്. ഇതും ചൂടേറിയ ചര്‍ച്ചയായതോടെ കളക്ടര്‍ ബുള്‍സ് ഐയുടെ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കാണിപ്പോള്. തന്നെ മനപൂര്‍വം ഉന്നം വയ്ക്കുന്നു എന്ന ധ്വനിയാണ് കളക്ടറുടെ ബുള്‍സ്ഐ പോസ്റ്റെന്നാണ് സോഷ്യല്‍മീഡിയയിലെ തന്നെ വിലയിരുത്തല്‍. കളക്ടറുടെയും എംപിയുടെയും നടപടികളില്‍ പക്ഷം പിടിച്ച് മുന്നേറുകയാണ് സോഷ്യല്‍മീഡിയ.
മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയനിരീക്ഷകര്‍, വിദ്യാര്‍ഥികള്‍, തുടങ്ങി വീട്ടമ്മമാര്‍ വരെ പ്രശ്നത്തില്‍ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്. കളക്ടറുടെ നടപടി ജനാധിപത്യവിരുദ്ധവും അപക്വവുമാണെന്ന പ്രതികരണം നിരവധി പേര് നടത്തിയിരിക്കുന്നു. എംപിയെ അപമാനിക്കുന്ന ഭാഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പലരും ഉന്നയിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ കയ്യടി വാങ്ങാന്‍ മറ്റെന്തെങ്കിലും ചെയ്തൂടേ എന്ന ചോദ്യമാണ് കമന്റുകളിലൊന്ന്. കളക്ടര്‍ തന്റെ പദവിയുടെ അന്തസ് കാണിക്കണം, ചട്ടവിരുദ്ധമായി എംപി പ്രവര്‍ത്തിച്ചെങ്കില്‍ നിയമപരമായി നീങ്ങുകയാണ് വേണ്ടത്, ജനങ്ങളുടെ വോട്ടുകൊണ്ടാണ് രാഘവേട്ടന് എംപിയായത് അല്ലാതെ സോഷ്യല്‍മീഡിയയിലെ ലൈക്കുകൊണ്ടല്ല തുടങ്ങിയ കമന്റുകളാണ് കളക്ടര്‍ക്കെതിരെ പ്രചരിക്കുന്നത്. കിംഗ് പോലുള്ള സിനിമകളാണ് കളക്ടര്‍ക്കു പ്രചോദനമെങ്കില്‍ ബ്രോ ജീവിതം സിനിമയല്ലെന്നറിയുക എന്ന ഉപദേശവും ചിലര്‍ നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും സൈബര്കമ്യൂണിറ്റികള് പൂര്‍ണ പിന്തുണയാണ് എംപിക്കു നല്‍കിയിരിക്കുന്നത്. കളക്ടര്‍ പോസ്റ്റുകളിട്ട് പ്രശ്നം വഷളാക്കുകയാണെന്നാണ് സൈബര്‍ലോകത്തെ നിഷ്പക്ഷരുടെ പ്രതികരണം.
കളക്ടര്‍ ബ്രോ കിംഗാണ്, മരണമാസാണ്, ഇങ്ങള് പൊളിക്ക് ബ്രോ എന്നിങ്ങനെ നീളുന്നു കളക്ടറെ അനുകൂലിച്ചുള്ള പോസ്റ്റുകള്‍. ഇതിലും വലിയ മാപ്പ് സ്വപ്നത്തില്‍ മാത്രമെന്ന പ്രതികരണമാണ് കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റിനു ഒരാള്‍ നല്‍കിയിരിക്കുന്നത്. ഇതേ തലക്കെട്ടില്‍ വെബ്സൈറ്റുകളില്‍ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയക്കാരെ ആക്കുന്ന ഉദ്യോഗസ്ഥര്‍ സിനമയിലേ ഉള്ളൂ എന്നാലിതാ കോഴിക്കോട്ട് നേരിട്ടുകണ്ടു, ഐഎഎസ് എന്ന യോഗ്യതയുടെ അര്‍ഥമറിയാന്‍ എംപിക്കാവില്ലെന്നു വരെ പോസ്റ്റുകളുണ്ട്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അല്ല കളക്ടറുടെ പ്രതികരണമെന്നും വ്യക്തിപരമായി പ്രതികരിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നുമുള്ള പോസ്റ്റുകളും വ്യാപകമാണ്.