മാഹി: മാഹി മേഖലയില്‍ നിന്ന് മദ്യക്കടത്ത് തടയുവാന്‍ കേരളപോലീസും എക്സൈസ് വകുപ്പും അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കെ മാഹിയില്‍ നിന്നുള്ള മദ്യക്കടത്തിന് പുതിയ സ്റ്റൈല്‍. തലേദിവസം രാത്രി ബാറുകള്‍ അടക്കുന്നതിന് മുമ്പ് മദ്യക്കെയ്സുകള് വാങ്ങി മാഹി മേഖലയിലെ മദ്യഷാപ്പിന് പരിസരത്തെ വീടുകളില്‍ സൂക്ഷിച്ച് പുലര്‍ച്ചെ മദ്യവുമായി കടക്കുകയാണ് പുതിയ രീതി. അതിരാവിലെ കനത്തമഴയും പരിശോധന ഇല്ലാത്തതുമാണ് പുലര്‍ച്ചെ മദ്യക്കടത്തിന് ആക്കംകൂട്ടുന്നത്.
ഇതില്‍ വീട്ടുകാര്‍ക്ക് കമ്മീഷനും ലഭിക്കുമെന്നാണ് അറിവ്. വീടുകളുടെ അകത്ത് സൂക്ഷിക്കാതെ പുറത്തെ ടോയ്ലെറ്റിലോ തിണ്ണയിലോ സൂക്ഷിച്ച് വീട്ടുകാരുടെ മൗനാനുവാദത്തോടെ വണ്ടിയുമായെത്തി മദ്യം എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുകയാണ് പതിവ്. ഇതരസംസ്ഥാനക്കാരെ ഉപയോഗിച്ചുള്ള മദ്യക്കടത്തായിരുന്നു ഇതിന് മുമ്പ് കടത്തുകാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇത്തരക്കാരെ ഉപയോഗിച്ചുള്ള മദ്യക്കടത്ത് പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധയില്‍പ്പെട്ടതോടെ ഇതരസംസ്ഥാനക്കാര്‍ മദ്യക്കടത്തില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്.
മാഹിമേഖലയിലെ മദ്യഗോഡൗണുകളിലെ കാലാവധി കഴിഞ്ഞ മദ്യം പുതിയ സ്റ്റിക്കര്‍ ഒട്ടിച്ച് വിറ്റഴിക്കപ്പെടുന്നതും വ്യാപകമാവുകയാണ്. ഗോഡൗണുകളില്‍ സ്റ്റിക്കര്‍ പതിക്കാനും ബോട്ടിലുകള്‍ തുടച്ച് വൃത്തിയാക്കാനും പ്രത്യേക അറകളും തൊഴിലാളികളുമുണ്ടെന്ന് പരസ്യമായ രഹസ്യവുമാണ്.