മന്നയില്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് തകര്‍ന്നു; ഗതാഗതം താറുമാറായി

KNR-TRAFFICSINGNALതളിപ്പറമ്പ്: ഇന്നലെ നടന്ന ആംബുലന്‍സ് അപകടത്തില്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് തകര്‍ന്നതോടെ മന്ന ജംഗ്ഷനിലെ ഗതാഗതം താറുമാറായി. തളിപ്പറമ്പ് നഗരസഭ നടപ്പിലാക്കിയ അഭിമാനകരമായ പരിഷ്കാരങ്ങളില്‍ ഒന്നാണു മന്ന ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സിസ്റ്റം. പൂര്‍ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന സിഗ്നല്‍ സിസ്റ്റം കെല്‍ട്രോണ്‍ ആണ് സ്ഥാപിച്ചത്. ഗതാഗതകുരുക്കു കൊണ്ട് വീര്‍പ്പുമുട്ടിയ മന്ന ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുമ്പോള്‍ അതിന്റെ വിജയത്തെ കുറിച്ച് ഏറെ ആശങ്കയുണ്ടായിരുന്നു.

എന്നാല്‍ ആശങ്കകളൊക്കെ അസ്ഥാനത്താക്കിയ പ്രതികരണങ്ങളായിരുന്നു വാഹന ഉടമകളില്‍ നിന്നും ലഭിച്ചിരുന്നത്. ഒരു മിനിറ്റു കാത്തിരുന്നാലും എളുപ്പം മുന്നോട്ടു പോകാമെന്ന ഉറപ്പുണ്ടല്ലോ എന്നാണു ഡ്രൈവര്‍മാര്‍ പറയാറുള്ളത്. എന്നാല്‍ ഇന്നലെ നടന്ന അപകടത്തില്‍ ആലക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്കു നിര്‍ദേശം നല്‍കുന്ന സിഗ്നല്‍ സിസ്റ്റം തകരാറിലായതോടെ പഴയ അവസ്ഥയിലേക്കെത്തുമോ എന്ന ആശങ്കയിലാണു നാട്ടുകാരും ഡ്രൈവര്‍മാരും. തകര്‍ന്ന സിഗ്നല്‍ സിസ്്റ്റം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നു നഗരസഭ അധികൃതര്‍ അറിയിച്ചു.

Related posts