കോതമംഗലം: വിവാഹ ആലോചന വഴി യുവതികളുടെ വീട്ടുകാരുമായി പരിചയം ഉണ്ടാക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. പത്തനംതിട്ട ആറന്‍മുള ഇടയാറന്‍മുള കാവടപുതുപറമ്പില്‍ ബിനോ(42)ആണ് അറസ്റ്റിലായത്. കോതമംഗലം മലയിന്‍കീഴ് ആനകല്ല് വാലേത്ത് മാത്തുക്കുട്ടിയുടെ പരാതി പ്രകാരം കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതി നെല്ലിമറ്റം സ്വദേശി ബ്രോക്കര്‍ മുഖേന മാത്തുക്കുട്ടിയുടെ മകള്‍ക്ക് വിവാഹാലോചനയുമായി സമീപിച്ചിരുന്നു. പിന്നീട് മകള്‍ക്ക് വിവാഹം ആലോചിച്ച പയ്യന്റെ പിതാവ് ആണെന്ന് ആള്‍മാറാട്ടം നടത്തി പണം ആവശ്യപ്പെട്ടു.കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വിളിച്ചു വരുത്തി പതിനായിരം രൂപയാണ് ആവശ്യപ്പെട്ടത്. മാത്തുക്കുട്ടി പണം നല്‍കാതെ പിന്‍വാങ്ങിയതോടെ മകളുടെ ഫോണില്‍ വിളിച്ച് രണ്ടായിരം രൂപയും പ്രതി ചോദിച്ചു.
ബാങ്ക് അക്കൗണ്ടിലേക്ക് പണമിടാന്‍ ആവശ്യപ്പെടുകയായിരുന്നു.യുവതി സാധ്യമല്ലായെന്ന് അറിയിച്ചപ്പോള്‍ ചീത്ത വിളിച്ച് മനോവിഷമപ്പെടുത്തിയതായും പരാതിയിലുണ്ട്.പ്രതി സമാന രീതിയില്‍ ആലപ്പുഴ മുഹമ്മയിലും തട്ടിപ്പ് നടത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്നറിയാന്‍ പ്രതിയുടെ മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.എസ്.ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.