വടകര : കാര്‍ട്ടൂണിസ്റ്റ് എം.അജയകുമാറിന്റെ തെരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ സമാഹാര പ്രകാശനം സഹൃദയര്‍ക്കു വേറിട്ട അനുഭവമായി. മുക്കാളിയിലെ കുഞ്ഞിക്കണ്ണന്റെ ചായക്കടയിലാണ് പ്രകാശനം നടന്നത്. കെ.ടി.ബസാറിലെ ക്ഷീരകര്ഷകന് തേവര്കുന്നുമ്മല് കൃഷ്ണകുമാര്‍ കുഞ്ഞിക്കണ്ണനില്‍ നിന്ന് ആദ്യകോപ്പി ഏറ്റുവാങ്ങി. ഫഌക്സ് ബോര്‍ഡൊന്നും സ്ഥാപിക്കാതെ തികച്ചും ലളിതമായൊരു ചടങ്ങ്. കാലഘട്ടത്തിനനുസരിച്ച് മോടി പിടിപ്പിക്കാത്തതും അഞ്ച് പതിറ്റാണ്ടിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതുമായ ചായക്കടയുടെ സാന്നിധ്യം ചടങ്ങ് വേറിട്ടതാക്കി.
കരി ഉപയോഗിച്ച് സമോവറില്‍ വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കുകയാണ് ഇപ്പോഴും കുഞ്ഞിക്കണ്ണന് ചെയ്യുന്നത്. അഡ്വ.പി.കെ രവീന്ദ്രന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഭാരതദേശം പത്രാധിപര്‍ എം.ഗംഗാധരന്, ആര്‍ട്ടിസ്റ്റ് ഓമന, എം.ജി. രഞ്ജിത്ത്, ശ്രീരഞ്ജിനി മാഹി എന്നിവര്‍ സംസാരിച്ചു. ആര്‍ടിസ്റ്റ് അശോക് കുമാര്‍ സ്വാഗതവും എം.അജയകുമാര്‍ നന്ദിയും പറഞ്ഞു. വര്‍ത്തമാന അരുതായ്മകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നതാണ് സമാഹാരത്തിലെ ഓരോ കാര്‍ട്ടൂണും.