കരുവാരക്കുണ്ട്: ജലക്ഷാമം നേരിടാനുള്ള യുവകര്‍ഷകന്റെ മഴവെളളശേഖരണം ശ്രദ്ധേയമാകുന്നു. കിഴക്കേതലയിലെ അറക്കക്കുന്നേല് പയസ് ജോണാണ് ജലസംഭരണ പരീക്ഷണവുമായി മുന്നേറുന്നത്.പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും ഉയര്‍ന്നു നില്ക്കുന്ന കരുവാരക്കുണ്ടിലെ കൂമ്പന്‍ മലയുടെ തൊട്ടു താഴെയാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം. വേനല്‍ കാലത്ത് കടുത്ത ജലക്ഷാമം നേരിടുന്ന ഇവിടെ ഗ്രാമ്പൂവും കാപ്പിയുമാണ് കൃഷി ചെയ്യുന്നത്.
കഴിഞ്ഞ വേനലില്‍ കഠിനമായ ജലക്ഷാമം മൂലം കുറെ ഗ്രാമ്പുവിന്റെയും കാപ്പിയുടെയും തൈകള്‍ ഉണങ്ങി പോയിരുന്നു. വര്‍ഷ കാലത്ത് ധാരാളം മഴ ലഭിക്കുന്ന ഈ പ്രദേശത്ത് വരാന്‍ പോവുന്ന വേനലില്‍ കൃഷിയെ സംരക്ഷിക്കുന്നതിനു വേണ്ടി ഇദ്ദേഹം തന്റെ കൃഷിയിടത്തിന്റെ മധ്യത്തിലും ഏറ്റവും മുകളിലുമായി പത്ത് മീറ്റര്‍ നീളവും, പത്ത് മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ താഴ്ച്ചയുമുളള രണ്ട് കുളങ്ങള്‍ നിര്‍മിക്കുകയും പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിക്കുകയും ചെയ്തു.
കുളത്തിനു ചുറ്റും വലിയ പ്ലാസ്റ്റിക് പായകള്‍ വലിച്ചുകെട്ടുകയും പരിസരത്തു പെയ്യുന്ന മഴവെളളത്തെ കുളത്തിലേക്ക് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് കുളത്തിലുമായി പയസ് ജോണ്‍ ഇപ്രകാരം മൂന്നുലക്ഷം ലിറ്റര്‍ വെള്ളമാണ് ശേഖരിച്ചു വെച്ചിട്ടുളളത്.