കൂത്തുപറമ്പ്: പാതിരിയാട് ആര്‍എസ്എസ് പ്രവര്ത്തകന് നവജിത്തി (21)നെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. അനൂപ്, ഷാജി, ഹനീഫ, രതീഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്നു പേര്‍ക്കുമെതിരേയാണ് കേസെടുത്തത്. ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്ന നവജിത്തിനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ജോലികഴിഞ്ഞു ബസിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ പാതിരിയാട് എംഒപി റോഡില്‍ വച്ചായിരുന്നു നവജിത്ത് ആക്രമിക്കപ്പെട്ടത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ നവജിത്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നവജിത്തിനെ ആശുപത്രിയിലെത്തിച്ചയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏഴു പേര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. അതിനിടെ നവജിത്തിനെതിരേയുള്ള അക്രമത്തില്‍ പ്രതിഷേധിച്ചു പാതിരിയാട് മേഖലയില്‍ ഇന്നലെ സംഘപരിവാര്‍ ഹര്‍ത്താല്‍ ആചരിച്ചു. കൂത്തുപറമ്പ് മേഖലയില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രാത്രികാല പട്രോളിംഗും ശക്തമാക്കി.