ഷൊര്‍ണൂര്‍: ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധി ഷൊര്‍ണൂരിനെ ഞെട്ടിച്ചു. കോടതിവിധി സര്‍ക്കാരിന്റെ പിഴവുമൂലമാണെന്നും മതിയായ തെളിവു ഹാജരാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അതേസമയം പ്രോസിക്യൂഷന്റെ പരാജയമാണ് വിധിയ്ക്കു കാരണമെന്നു ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐയും പ്രകടനം നടത്തി. ദൃശ്യമാധ്യനങ്ങളിലൂടെ കോടതിവിധി പുറത്തുവന്നതോടെ ചര്‍ച്ചയും സൗമ്യക്കേസിനെക്കുറിച്ചായിരുന്നു.
നാട്ടുകാരില്‍നിന്നും വ്യാപകമായി പ്രതിഷേധമാണുയര്‍ന്നത്. മുമ്പ് കേസു വാദിച്ച അഭിഭാഷകനെ മാറ്റുകയും പരിചയമില്ലാത്തയാളെ കേസില്‍ അഭിഭാഷകനായി സര്‍ക്കാര്‍ നിയോഗിച്ചതും ഗോവിന്ദാച്ചാമിയെ രക്ഷിക്കാന്‍ ചില ഉന്നതകേന്ദ്രങ്ങള്‍ ഇടപെട്ടു നടത്തിയ ചരടുവലികള്‍ മൂലമാണെന്നും ആക്ഷേപമുയര്‍ന്നു.