ഒറ്റപ്പാലം: പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇനിമുതല്‍ സംയുക്ത വാഹനപരിശോധനയ്ക്ക്. പരിശോധനകള്‍ കൂടുതല്‍ കുറ്റമറ്റതും കാര്യക്ഷമവുമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇരുഡിപ്പാര്ട്ടുമെന്റുകളും സംയുക്തമായി ഇനിമുതല്‍ വാഹനപരിശോധനയ്ക്ക് ഇറങ്ങുന്നത്. വാഹന പരിശോധനകളുടെ പേരില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു പരിഹരിക്കുകയെന്ന ലക്ഷ്യംകൂടി സംയുക്ത പരിശോധനകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. പോലീസിനെതിരേയാണ് വാഹന പരിശോധനകളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പഴികേള്‍ക്കേണ്ടി വരുന്നത്.
മോട്ടോര്‍ വാഹനവകുപ്പ് വാഹന പരിശോധനയ്ക്ക് തീരെ പ്രാമുഖ്യം നല്‍കുന്നില്ലെന്ന് വ്യാപക പരാതി മേലുദ്യോഗസ്ഥര്‍ നിരന്തരം പുറപ്പെടുവിക്കുന്നതാണ്. ഈ സാഹചര്യം ഒഴിവാക്കുന്നതിനുള്ള കര്‍ശന ഉപാധി കൂടിയാണ് സംയുക്ത പരിശോധന. മോട്ടോര്‍ വാഹനവകുപ്പ് വാഹന പരിശോധനകള്‍ നടത്താത്തിനെതിരേയും മുമ്പും മേലുദ്യോഗസ്ഥര്‍ വിമര്‍ശനം നടത്തിയിരുന്നു. ഇരുസംവിധാനങ്ങളും സംയുക്തമായി പരിശോധന നടത്തുന്നത് കൂടുതല്‍ കാര്യക്ഷമവും ഗൗരവകരവുമാണെന്ന് ഇതിനകം ബോധ്യമായി തുടങ്ങി.
വാഹന പരിശോധനകളുമായി ബന്ധപ്പെട്ട പരാതികളും അഴിമതി ആരോപണങ്ങളും ഇല്ലാതാക്കാനും സംയുക്ത പരിശോധനവഴി സാധിക്കുമെന്നാണ് ഉന്നതതല വിലയിരുത്തല്‍.പോലീസിനെതിരേയാണ് വാഹന പരിശോധനയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം അഴിമതി ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഓണത്തോടനുബന്ധിച്ച് സംയുക്ത പരിശോധനയ്ക്ക് ഇരുവകുപ്പുകളും ചേര്‍ന്ന് തീരുമാനമെടുത്തത്. ഇത് പൂര്ണവിജയമാണെന്നു കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സംയുക്ത പരിശോധന തുടരാന്‍ തീരുമാനിച്ചത്. സംസ്ഥാനപാത വഴി അമിതവേഗതയില്‍ പോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തും.
ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമായി ഉപയോഗിക്കുന്നതിനു നിര്‍ദേശം നല്‍കും. നിയമം ലംഘിച്ചു വരുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് നോട്ടീസ് നല്‍കുന്നതിനും നടപടിയുണ്ടാകും. കഴിഞ്ഞദിവസം കേരളശേരിയിലും പാലപ്പുറത്തുമായി നടന്ന ബൈക്ക് അപകടങ്ങളില്‍ മൂന്നു യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കുന്നത്.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ലൈസന്‍സ് കട്ട് ചെയ്യുന്നതിനു നടപടിയുണ്ടാകും. അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും ഇരുചക്രവാഹന യാത്രികര്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കെതിരേ സത്വരനടപടിയുണ്ടാകും.സംസ്ഥാന ഹൈവേയില്‍ ഇരുവിഭാഗത്തിന്റെയും സാന്നിധ്യം ഇനി പരിരക്ഷയുണ്ടാക്കും. ആഘോഷ സന്ദര്‍ഭങ്ങളിലും വിശേഷാല്‍ അവസരങ്ങളിലും ഇത് കൂടുതല്‍ കര്‍ശനമാക്കും. പാലപ്പുറത്ത് സ്ഥാപിച്ച കാമറയിലും നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കും.