റോഡ് വെട്ടാന്‍ സ്ഥലം കൈയേറി; കാര്‍ഷികവിളകള്‍ നശിപ്പിച്ചു

kkd-roadnirmanamവടകര: ഒഞ്ചിയം പഞ്ചായത്തിലെ വെള്ളികുളങ്ങരയില്‍ റോഡ് വെട്ടാന്‍ അന്യായമായി സ്ഥലം കൈയേറിയതായി പരാതി. 1.10 മീറ്റര്‍ വീതിയില്‍ വഴി നിലനിര്‍ത്താമെന്ന കോടതി നിര്‍ദേശം പാലിക്കാതെ മൂന്നു മീറ്ററോളം വെട്ടിയെടുത്തതായാണ് പരാതി. ചിറയില്‍ രാജന്റെ വീട്ടുപറമ്പിലാണ് ഒരു സംഘമാളുകള്‍ സ്ഥലം കൈയേറിയത്. ഇവിടെയുള്ള മാവും കവുങ്ങും വാഴയുമൊക്കെ അരിഞ്ഞുവീഴ്ത്തി. കാര്‍ഷികവിളകള്‍ പാടേ നശിപ്പിച്ചത്് കടുത്ത അനീതിയായി.

സ്ഥലം കൈയേറുന്നതിനെതിരെ രാജന്‍ കോടതിയില്‍ നിന്ന് ഇഞ്ചക്ഷന്‍ ഉത്തരവ് സമ്പാദിച്ചെങ്കിലും ഇതൊക്കെ കാറ്റില്‍പറത്തിയാണ് അതിക്രമമെന്ന് പറയുന്നു. വിവരമറിഞ്ഞ് ചോമ്പാല പോലീസ് സ്ഥലത്തെത്തിയെങ്കിലും ശക്തമായ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്ന പരാതിയുണ്ട്. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. സ്റ്റേഷനിലേക്ക് കൊണ്ടുപോയതല്ലാതെ കോടതി ഉത്തരവ് ലംഘിച്ചതിനൊന്നും നടപടിയില്ല. പോലീസ് സ്ഥലത്ത് നിന്ന് മാറിയാല്‍ വീണ്ടും സ്ഥലം കൈയേറുതാണ് സ്ഥിതി.

മൂന്നു മീറ്റര്‍ വീതിയില്‍ 30 മീറ്ററോളം നീളത്തിലാണ് രാജന്റെ വീട്ടുപറമ്പിലെ സ്ഥലം വെട്ടിയെടുത്തിരിക്കുന്നത്. സമീപത്തെ മൂന്നു വീട്ടുകാര്‍ക്ക് വഴിക്കു വേണ്ടിയാണിതെന്ന് പറയുന്നുണ്ടെങ്കിലും ഇതല്ല കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സമീപത്ത് സ്വകാര്യ വ്യക്തി പണിയാന്‍ പോകുന്ന ക്വാര്‍ട്ടേഴ്‌സിനു വേണ്ടി കൂടിയാണ് റോഡ് വെട്ടുന്നതെന്ന ആരോപണം ഉയര്‍ന്നു. ഇതാവട്ടെ രാജന്റെ സ്ഥലം മാത്രം കൈയേറുക എന്ന ഏകപക്ഷീയ നടപടിയുമായിപ്പോയി. സ്ഥലമില്ലെന്നു പറഞ്ഞ് മറുവശത്തുള്ളവരെ ഒഴിവാക്കുകയും ചെയ്തു. വഴി എന്ന നിലയില്‍ 1.10 മീറ്റര്‍ ഉപയോഗിച്ചാല്‍ മതിയെന്ന പൊതുധാരണക്കു വിരുദ്ധമായാണ് റോഡ് വെട്ടിയതെന്ന പരാതിയുമുണ്ട്.

ഇക്കാര്യത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ്് രാജന്റെ തീരുമാനം. അന്യായ നടപടിക്കെതിരെ രാജന്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 13 ആളുകളുടെ പേരില്‍ ചോമ്പാല പോലീസ് കേസെടുത്തു. സ്ഥലത്ത് അതിക്രമിച്ച് കയറി കന്മതില്‍ തകര്‍ക്കുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തതിനു പുറമെ ആയുധം കാണിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. പോലീസില്‍ പരാതിപ്പെട്ടതില്‍ ക്ഷുഭിതരായ ഒരു സംഘമാളുകള്‍ വീടിന്റെ തറ അടക്കം പൊളിച്ചെറിയുമെന്നു പറഞ്ഞതായും വീട്ടുകാര്‍ പരാതിപ്പെട്ടു.

Related posts