കൊച്ചി: ചൈനീസ് മുട്ട വില്‍ക്കുന്നുവെന്ന ആരോപണത്തെതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി സാമ്പിളുകള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം കടവന്ത്രയ്ക്കടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു വീട്ടമ്മ വാങ്ങിയ മുട്ട വ്യാജനെന്നു തെളിഞ്ഞതിനു ശേഷം നിരവധിപേര്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മുട്ട വ്യാജനാണെന്ന പരാതിയുമായി എത്തിയിരുന്നു.
കടവന്ത്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മുട്ട നിലത്തു വീണതിനെ തുടര്‍ന്നാണ് വ്യാജനാണെന്നു വീട്ടമ്മയ്ക്കു സംശയം ഉണ്ടായത്. നിലത്തുവീണ മുട്ട അരമണിക്കൂറിനുശേഷമാണ് വീട്ടമ്മ തുടച്ചത്. എന്നാല്‍ മുട്ട പ്ലാസ്റ്റിക് പോലെ നിലത്ത് ഒട്ടികിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരുമായി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തുകയായിരുന്നു.
ബഹളത്തെതുടര്‍ന്ന് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ബുധനാഴ്ച ചൈനീസ് മുട്ടയെന്ന സംശയത്തെ തുടര്‍ന്ന് നിരവധി പേരാണ് നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. മുട്ട പണം കൊടുത്തുവാങ്ങി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കു മുന്നില്‍ തന്നെ പൊട്ടിച്ചും ചിലര്‍ പ്രതിഷേ ധിച്ചിരുന്നു.