2011ൽ സർവീസിൽ പ്രവേശിച്ചതിനുശേഷം ബോയിംഗ് 787-8 ഡ്രീംലൈനറുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രധാന ദുരന്തമാണ് അഹമ്മദാബാദിലേത്. എങ്കിലും 14 വർഷത്തെ ചരിത്രത്തിൽ ചെറിയ അപകടങ്ങളും വിമാനത്തിനുണ്ടായിട്ടുണ്ട്. 2013 ജൂലൈയിൽ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 787 വിമാനത്തിന് തീപിടിച്ചതാണ് ആദ്യത്തെ അപകടം. എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിലെ ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടിത്തത്തിനു കാരണം.
ഇതേ വർഷംതന്നെ ടോക്കിയോയിൽവച്ചും ബോസ്റ്റണിൽ ജപ്പാൻ വിമാനക്കന്പനിയുടെ 787 വിമാനങ്ങളുടെ ലിഥിയം ബാറ്ററികൾ അമിതമായി ചൂടായതിനെത്തുടർന്ന് മുഴുവൻ വിമാനങ്ങളിലും ഡിസൈനിൽ മാറ്റം വരുത്തി. കഴിഞ്ഞ വർഷം മാർച്ചിൽ ചിലിയൻ വിമാനക്കന്പനിയായ ലാതാം എയർലൈൻസിന്റെ 787 വിമാനം സിഡ്നിയിൽനിന്ന് ഓക്ലൻഡിലേക്കു യാത്ര ചെയ്യവെ ശക്തമായി കുലുങ്ങിയതിനെത്തുടർന്ന് 50 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
പാരീസ് എയർ ഷോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അഹമ്മദാബാദ് ദുരന്തമെന്നത് ബോയിംഗിന് തിരിച്ചടിയാണ്. ലോകത്തിലെ ഏറ്റവും വലിയ എയർഷോകളിലൊന്നായ ഈ എയർ ഷോയിൽ ബോയിംഗും അവരുടെ യൂറോപ്യൻ എതിരാളിയായ എയർബസും നൂതന മോഡൽ വിമാനങ്ങൾ പ്രദർശിപ്പിക്കുകയും വിമാനക്കന്പനികളിൽനിന്ന് ഓർഡർ വാങ്ങിച്ചെടുക്കുകയും ചെയ്യുന്നു.