ബാഴ്സലോണ: ബാഴ്സലോണ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഹോം ഗ്രൗണ്ടായ കാംപ് നൗവിൽ ബാഴ്സ കളിക്കാനിറങ്ങുന്നു. ഓഗസ്റ്റ് പത്തിന് സ്പാനിഷ് ഫുട്ബോൾ സീസണ് തുടക്കമാകുന്ന യോവാൻ ഗാംപർ ട്രോഫി മത്സരത്തിലൂടെയാകും ബാഴ്സലോണ ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുക. 99,000 പേർക്കിരിക്കാവുന്ന കാംപ് നൗ യൂറോപ്പിലെതന്നെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നാണ്. കാംപ് നൗവ് നവീകരണത്തിനായി 2023ലായിരുന്നു അടച്ചിട്ടത്. 2023 മേയി ലാണ് ബാഴ്സലോണ കാംപ് നൗവിൽ അവസാന ഹോം മത്സരം കളിച്ചത്.
ഓഗസ്റ്റ് പത്തിന് നടക്കുന്ന മത്സരത്തിൽ സ്റ്റേഡിയത്തിൽ പകുതിയിൽ താഴെ കാണികൾക്കു മാത്രമാണ് പ്രവേശനമുണ്ടാകുക. ഇതിന് മുൻപ് 35,000 കാണികളെ പ്രവേശിപ്പിച്ച് ഗാലറികളിൽ പരിശോധന നടത്തും. ഗാലറിയിലെ മൂന്നാം നിര. വിഐപി റിംഗ്, മേൽക്കൂര എന്നിവയുടെ നവീകരണം അവസാന ഘട്ടത്തിലാണ്.
നിർമാണം പൂർത്തിയാക്കാൻ സ്പാനിഷ് ലീഗ് സീസണിലെ ആദ്യ മൂന്ന് ഹോംമത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്തണമെന്ന് ബാഴ്സലോണ ലാ ലീഗയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവസാന രണ്ട് സീസണിൽ ബാഴ്സയുടെ ഹോം മത്സരങ്ങൾ നടന്നത് ഒളിംപിക് സ്റ്റേഡിയത്തിലായിരുന്നു.
2030ലെ ലോകകപ്പ് ഫൈനലിന് കാംപ് നൗ വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.