പത്തനംതിട്ട: സ്വകാര്യബസുകളുടെ രാത്രി യാത്ര തോന്നുംപടിയായതോടെ രാത്രി യാത്രക്കാര്‍ പെരുവഴിയില്‍. ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ ഉള്‍പ്പെടെയാണ് ബുദ്ധിമുട്ടിലായത്.ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി എട്ടിനുശേഷം ബസുകള്‍ പത്തനംതിട്ടയിലേക്കില്ലെന്നതാണു സ്ഥിതി.
രാത്രി യാത്രയ്ക്ക് പത്തനംതിട്ട ബസുകള്‍ക്ക് പെര്‍മിറ്റുണ്ടെങ്കിലും ഇവയില്‍ പലതും ഓടുന്നില്ല. വേണാട്, വന്ദേഭാരത്, പാലരുവി തുടങ്ങി സ്ഥിരം ട്രെയിനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് പത്തനംതിട്ടയിലേക്ക് ചെങ്ങന്നൂരില്‍ നിന്നു യാത്രാസൗകര്യം ലഭ്യമല്ല.പത്തനംതിട്ട, കോന്നി, റാന്നി, കോഴഞ്ചേരി മേഖലകളിലേക്ക് നിരവധി യാത്രക്കാരാണ് ചെങ്ങന്നൂരില്‍ ട്രെയിനുകളില്‍ ഇറങ്ങുന്നത്. ഇവര്‍ക്കുള്ള യാത്രാ സൗകര്യം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നു ലഭിക്കുന്നില്ല.
കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട ബസുകള്‍ നിര്‍ത്തിയതോടെയാണ് യാത്രാക്ലേശം രൂക്ഷമായത്.രാത്രി എട്ടിനുശേഷം പത്തനംതിട്ട ഭാഗത്തേക്കു പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. ചില ബസുകള്‍ രാത്രികാല ട്രിപ്പ് റദ്ദാക്കുകയുമാണ്.
തിരുവല്ലയില്‍ മത്സരയോട്ടം
തിരുവല്ല: തിരുവല്ലയില്‍ നിന്ന് റാന്നിയിലേക്ക് പുറപ്പെടുന്ന രാത്രികാല കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ മത്സരിച്ചോടുന്നതു കാരണം യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.രാത്രി 7. 30ന് തിരുവല്ലയില്‍ നിന്ന് വെണ്ണിക്കുളം വഴി റാന്നിയിലേക്ക് പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസിന്റെ വരുമാനം കുറയ്ക്കാന്‍ 7.50നു തിരുവല്ലയില്‍ നിന്ന് പുറപ്പെടേണ്ട സ്വകാര്യ ബസ് സമയം തെറ്റിച്ച് ഓടുകയാണ്.
രാത്രി 8.50 ന് റാന്നിയില്‍ നിന്ന് എരുമേലിക്ക് പോകേണ്ട സ്വകാര്യ ബസ് ഈ ട്രിപ്പ് മുടക്കിയിരിക്കുകയാണ്.രാത്രിയില്‍ തിരുവല്ലയില്‍ നിന്നു റാന്നിയിലേക്ക് ബസുകള്‍ കുറവാണ് എന്നുള്ള യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് റാന്നി ഡിപ്പോയുടെ ബസ് രാത്രി 7. 30ന് റാന്നിയിലേക്ക് ട്രിപ്പ് ക്രമീകരിച്ചത്.
കഴിഞ്ഞ കാലങ്ങളില്‍ യാതൊരുവിധ മത്സരവും ഇല്ലാതെ സമയകൃത്യതയിൽ ഓടിയിരുന്ന സ്വകാര്യബസാണ കെഎസ്ആര്‍ടിസിയുമായി നിരന്തരം മത്സരത്തിന് ഇറങ്ങിയത് .സ്വകാര്യ ബസുകളുടെ സമയം തെറ്റിച്ചുള്ള യാത്ര മൂലം സ്ഥിരം യാത്രക്കാര്‍ക്കു പോലും തിരുവല്ലയില്‍ നിന്ന് ഇപ്പോള്‍ ബസ് ലഭ്യമാകുന്നില്ല. ട്രെയിനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് പിന്നീടുള്ള ഏക ആശ്രയം രാത്രി 8.50നുള്ള കെഎസ്ആര്‍ടിസി ബസാണ്.

