പാലക്കാട്: സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പാലക്കാട്ടെ തെരച്ചിൽ വിഫലം. മുങ്ങിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല. ഇന്നലെ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും തെരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. രാഹുൽ പാലക്കാട്ടുനിന്ന് മുങ്ങിയ ചുവന്ന കാർ ഒരു ചലച്ചിത്ര താരത്തിന്റേതെന്ന സംശയത്തിൽ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംശയത്തിന്റെ നിഴലിൽനിൽക്കുന്ന യുവനടിയെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നും സൂചനകളുണ്ട്.
കാറിന്റെ ഉടമസ്ഥ യുവനടിയാണെങ്കിലും രാഹുലിനെ കടത്തിയത് ഒരു കോൺഗ്രസ് നേതാവാണെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ജില്ലയിലെത്തിയ സംഘം രാഹുലിന്റെ ഫ്ളാറ്റും എംഎൽഎ ഓഫീസും കേന്ദ്രീകരിച്ച് നിരവധി തവണ പരിശോധന നടത്തി.
കണ്ണാടിയിൽ തെരഞ്ഞടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് രാഹുൽ ഒളിവിൽ പോയത്. സിസി ടിവി കാമറകളിൽ പതിയാതെ കണ്ണാടിയിലെ ഫ്ളാറ്റിലെത്തി പിന്നീട് ചുവന്ന കാറിൽ ജില്ല വിട്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അതേസമയം തെറ്റിദ്ധരിപ്പിക്കാനും തെളിവ് നശിപ്പിക്കാനും രാഹുലിന്റെ ഭാഗത്ത് നിന്ന് നീക്കം നടക്കുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ ഡിവിആറിൽ നിന്ന് നശിപ്പിച്ച നിലയിലാണ്. അപ്പാർട്ട്മെന്റ് കെയർ ടേക്കറെ സ്വാധീനിച്ച് ഡിലീറ്റ് ചെയ്തെന്നാണ് സംശയം.

