പഹല്‍ഗാമിലും ഏറെ സുരക്ഷയുണ്ടായിരുന്ന ചെങ്കോട്ടയിലും നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടനാട്ടിലും ആലപ്പുഴയിലും സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്വദേശികളും വിദേശികളുമായി നിരവധി വിനോദസഞ്ചാരികളെത്തുന്ന സ്ഥലങ്ങളാണ് ആലപ്പുഴയും കുട്ടനാടും. ഇവിടെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധ വേണ്ടത്ര പതിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാകുകയാണ്.
പോലീസിന്റെയോ, എക്സൈസിന്റെയോ മേല്‍നോട്ടം കൃത്യമായി ഇല്ലാത്ത സ്ഥലങ്ങളാണ് ആലപ്പുഴയിലെയും കുട്ടനാട്ടിലെയും വിനോദ സഞ്ചാര മേഖലകള്‍. ആലപ്പുഴ സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികളെപ്പറ്റിയുള്ള വ്യക്തമായ കണക്കുകളോ വ്യക്തിവിവരങ്ങളോ ആരും ശേഖരിക്കുന്നില്ല. ആരൊക്കെയാണ് ഇവിടം സന്ദര്‍ശിക്കുന്നത്, എത്ര ദിവസം താമസിക്കുന്നു, എന്താണ് സന്ദര്‍ശന ലക്ഷ്യം, എവിടെയൊക്കെ സന്ദര്‍ശിക്കുന്നു, ആരൊക്കെയായി ഇടപെടുന്നു, എന്തൊക്കെ വിവരങ്ങള്‍ നേരിട്ടും അല്ലാതെയും ശേഖരിക്കുന്നു തുടങ്ങി യാതൊരു വിവരങ്ങളും ആധികാരികമായി ഒരു സര്‍ക്കാര്‍ വകുപ്പിനും അറിയില്ല.
ആലപ്പുഴയില്‍ പ്രത്യേകിച്ച് കുട്ടനാട്ടില്‍ മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിന്നു വ്യത്യസ്തമായി വിശാലമായ ഒരു പ്രദേശം മുഴുവനായാണ് വിനോദ സഞ്ചാരം നടക്കുന്നത്. പഹല്‍ഗാം ആക്രമണം പോലൊന്ന് ഈ പ്രദേശത്തുണ്ടായാല്‍ അതിനു കാരണക്കാരായവര്‍ കൃത്യം നടത്തി ലക്ഷ്യസ്ഥാനത്തു തിരിച്ചെത്തിയാല്‍ പോലും പുറംലോകം ആക്രമണ വിവരം അറിയണമെന്നില്ല.
സ്വദേശിയായാലും വിദേശിയായാലും ഇവിടെ എത്തുന്നവരുടെ വിശദമായ വിവരശേഖരണം നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. തീവ്രവാദ ബന്ധമുള്ളവര്‍ക്കു പോലും അനധികൃതമായി ആഴ്ചകളും മാസങ്ങളും ഇവിടെ താമസിക്കാന്‍ ഒരു പ്രശ്നവുമില്ല.
ഹൗസ് ബോട്ടുകള്‍, റിസോര്‍ട്ടുകള്‍, മറ്റു താമസ സ്ഥലങ്ങള്‍, ശിക്കാരവള്ളങ്ങള്‍ തുടങ്ങി എവിടെയൊക്കെ വിനോദ സഞ്ചാരികള്‍ താമസിക്കുന്നുണ്ടെന്ന വിവരങ്ങളറിയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. വ്യക്തികളുടെ സ്വകാര്യതയേക്കാള്‍ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്കി നിയമങ്ങള്‍ കൊണ്ടുവന്ന് അത് പ്രാവര്‍ത്തികമാക്കണമെന്നതാണ് ഉയരുന്ന ആവശ്യം.
