തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം അവസാനിച്ചു. ഇന്നലെ വൈകുന്നേരം ആറിനാണ് പരസ്യപ്രചാരണത്തിന് പരിസമാപ്തിയായത്. ഇന്ന് നിശബ്ദപ്രചാരണം.
ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലും പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വാഹനപ്രചാരണജാഥയും പ്രധാന ജംഗ്ഷനുകളിൽ സ്ഥാനാർഥികളും പ്രവർത്തകരും ഒത്തുചേർന്ന് കലാശക്കൊട്ടു നടത്തിയും ആവേശക്കൊടുമുടിയിൽ എത്തിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചത്.
ഈ ഏഴു ജില്ലകളിൽ നാളെ വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. ഒന്നാംഘട്ടത്തിൽ 1,32,83739 വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടം ജനവിധി തേടുന്ന ഏഴു ജില്ലകളിൽ രംഗത്തുള്ളത്.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴു ജില്ലകളിൽ 11ന് വോട്ടെടുപ്പ് നടക്കും. 13നാണ് ഫലപ്രഖ്യാപനം.ഒന്നും രണ്ടും ഘട്ടങ്ങളിലായി സംസ്ഥാനത്തെ 14 ജില്ലകളിലായി 75,633 സ്ഥാനാർഥികളാണ് ജനവിധി തേടുനന്ത്.
