ഏറ്റുമാനൂർ: ഭിന്നശേഷിക്കാരിയായ അധ്യാപികയെ ഭര്‍ത്താവ് സ്കൂളില്‍ കയറി കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. പേരൂർ സൗത്ത് പൂവത്തുംമൂട് ഗവ. എല്‍പി സ്കൂളിൽ ഇന്നലെ രാവിലെ 10.30നാണ് നാടിനെ നടുക്കിയ സംഭവം. സ്കൂളിലെ അധ്യാപികയും പാറമ്പുഴ സ്വദേശിനിയുമായ ഡോണിയ ഡെന്നീസ് (36) ആണ് ആക്രമണത്തിനിരയായത്. ഭർത്താവ് പാറമ്പുഴ മുരിങ്ങോത്തുപറമ്പിൽ കൊച്ചുമോനെ (46) ഏറ്റുമാനൂർ പോലീസ് പിടികൂടി.
കുടുംബവഴക്കിനെ തുടർന്ന് ഡോണിയ ഭർത്തൃഗൃഹത്തിൽനിന്നു മാറി ഏറ്റുമാനൂരിലെ ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഇന്നലെ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനെന്ന വ്യാജേന സ്കൂളിൽ എത്തിയതായിരുന്നു കൊച്ചുമോൻ. ക്ലാസിലായിരുന്ന ഡോണിയയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ഭർത്താവുമായി സംസാരിക്കാൻ അവസരമൊരുക്കുകയായിരുന്നു.
ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ കൊച്ചുമോൻ കൈയിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ഡോണിയയുടെ കഴുത്ത് അറക്കാൻ ശ്രമിച്ചു. ഡോണിയ പിന്നിലേക്ക് മാറിയതിനാൽ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായില്ല. കുതറിമാറിയ ഡോണിയ തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഡോണിയയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്തത്തിൽ കുളിച്ചുനിന്ന ഇവരെ ആശുപത്രിയിൽ എത്തിച്ചു.
യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവം അറിഞ്ഞ് സ്കൂളിൽ എത്തിയ മാതാപിതാക്കൾ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയതോടെ സ്കൂൾ ഉച്ചയോടെ അടച്ചു.ഡോണിയക്ക് കാലിനു സ്വാധീനക്കുറവുണ്ട്. ഇരുവരും തമ്മിൽ രണ്ടു വർഷമായി തർക്കം തുടരുകയാണെന്നും ഇത് സംബന്ധിച്ച് മണർകാട് പോലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ടെന്നും ഏറ്റുമാനൂർ പോലീസ് പറഞ്ഞു. ഇവർക്ക് എട്ടു വയസുള്ള മകനുണ്ട്.
കുട്ടി അച്ഛനോടൊപ്പമാണ് കഴിയുന്നത്.കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ കരുതിക്കൂട്ടി നടത്തിയ ആക്രമണമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
