ഹൈദരാബാദ്: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിൽ 15 പേരെ കൂട്ടക്കൊല ചെയ്ത അക്രമി സാജിദ് അക്രം (50) ഹൈദരാബാദ് സ്വദേശിയാണെന്നും 27 വർഷം മുന്പാണ് ഇയാൾ ഓസ്ട്രേലിയയിലേക്ക് കുടുയേറിയെന്നും തെലുങ്കാന പോലീസ്. അതിനുശേഷം കുടുംബവുമായി കാര്യമായ ബന്ധമില്ലായിരുന്നുവെന്ന് ഡിജിപിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
ഓസ്ട്രേലിയയിലേക്കു കുടിയേറിയശേഷം അക്രം ആറുതവണ ഇന്ത്യയിലെത്തി. സ്വത്ത് സംബന്ധിച്ച കാര്യങ്ങൾക്കും വൃദ്ധരായ മാതാപിതാക്കളെ കാണുന്നതിനുമായിരുന്നു ഇന്ത്യയിലെത്തിയിരുന്നത്. അതേസമയം, പിതാവ് മരിച്ചപ്പോൾ സാജിദ് ഇന്ത്യയിലെത്തിയിരുന്നില്ല.
1998നു മുന്പ് സാജിദ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായി വിവരമില്ലെന്നും തെലുങ്കാന പോലീസ് അറിയിച്ചു. പ്രതികളായ അച്ഛനും മകനും പാക്കിസ്ഥാൻ പൗരന്മാരാണെന്നായിരുന്നു ആദ്യം വാർത്തകൾ പ്രചരിച്ചത്.
യഹൂദരുടെ ഹനൂക്ക ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച ബോണ്ടി ബീച്ചിൽ ആഘോഷം നടക്കുന്നതിനിടെയായിരുന്നു സാജിദും മകനും ആളുകൾക്കു നേരേ വെടിയുതിർത്തത്. പോലീസിന്റെ വെടിവയ്പിൽ സാജിദ് കൊല്ലപ്പെട്ടു.
വെടിയേറ്റു പരിക്കേറ്റ മകൻ നവീദ് (24) ചികിത്സയിലാണ്. ഹൈദരാബാദിൽ ബികോം പഠനം പൂർത്തിയാക്കിയ സാജിദ് അക്രം 1998 നവംബറിൽ ജോലി തേടിയാണ് ഓസ്ട്രേലിയയിലെത്തിയത്.
യൂറോപ്യൻ വംശജയാണു സാജിദിന്റെ ഭാര്യ. നവീദിനെക്കൂടാതെ ഒരു മകൾകൂടി സാജിദിനുണ്ട്. നവീദും സഹോദരിയും ഓസ്ട്രേലിയയിലാണു ജനിച്ചത്. ഇരുവർക്കും ഓസ്ട്രേലിയൻ പൗരത്വമുണ്ട്.
