മുളങ്കുന്നത്തുകാവ് (തൃശൂർ): മോഷണക്കുറ്റം ആരോപിച്ച് കൂട്ടമർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി മരിച്ചത് അത്യന്തം ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. വാളയാർ കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ രാം നാരായൺ ഭയ്യാർ (31) ആണ് കൊല്ലപ്പെട്ടത്.
പ്രാഥമികപരിശോധനയിൽ തലമുതൽ കാൽപ്പാദംവരെ രാം നാരായന്റെ ശരീരമാകെ മർദനമേറ്റ പാടുകൾ കണ്ടെത്തി. തലയ്ക്കും ശരീരത്തിനും ഏറ്റ ഗുരുതരമായ പരിക്കുകളാണു മരണകാരണമെന്നാണ് റിപ്പോർട്ട്. അടിയേറ്റതിനെത്തുടർന്ന് തലയ്ക്കുള്ളിലും ശരീരത്തിനകത്തും രക്തസ്രാവമുണ്ടായതായി റിപ്പോർട്ടിലുണ്ട്.
വടിയോ വിറകോ പോലുള്ള കഠിനവസ്തുക്കൾ ഉപയോഗിച്ച് ശരീരമാകെ മർദിച്ചതിന്റെ അടയാളങ്ങളാണു കണ്ടെത്തിയത്. നാല്പതിലധികം മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. പുറംഭാഗം മുഴുവൻ കനത്ത മർദനത്തിനിരയായ നിലയിലാണ്. ശരീരത്തിൽ ചവിട്ടിയതിന്റെയും നിലത്തിട്ടു വലിച്ചതിന്റെയും അടയാളങ്ങളും കണ്ടെത്തി. കഴുത്ത്, കൈ, ഇടുപ്പ് എന്നിവിടങ്ങളിലുമുള്ള പരിക്കുകൾ ഗുരുതരമാണെന്ന് ഫോറൻസിക് പരിശോധന വ്യക്തമാക്കുന്നു.
പോസ്റ്റ്മോർട്ടത്തിനു മുന്പ് നടത്തിയ എക്സ്റേ പരിശോധനയിൽ തലയിൽ രക്തസ്രാവമുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചിരുന്നു. മണിക്കൂറുകളോളം നീണ്ട ക്രൂരമർദനമാണ് ഇതരസംസ്ഥാനതൊഴിലാളിയുടെ ദാരുണമരണത്തിലേക്കു നയിച്ചതെന്നാണു പ്രാഥമികനിഗമനം.
കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണ് തൊഴിലാളി ആൾക്കൂട്ടത്തിന്റെ മർദനത്തിനിരയായത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ പോലീസ് സർജൻ ഇല്ലാത്തതിനാൽ മൃതദേഹം പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിലേക്കു പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയായിരുന്നു.
ജോലിതേടി കേരളത്തിലെത്തിയത് നാലുദിവസം മുന്പ്
രാംനാരായണ് ഭയ്യാർ മോഷ്ടാവാണെന്ന ആരോപണം തള്ളി കുടുംബം. കെട്ടിടനിർമാണമേഖലയിൽ തൊഴിലന്വേഷിച്ചാണ് നാലുദിവസംമുന്പ് പാലക്കാട്ടെത്തിയതെന്നും നാട്ടിൽ ഒരു കേസിൽപോലും പ്രതിയല്ലാത്ത ആളാണെന്നും രാംനാരായൺ ഭയ്യാറിന്റെ ബന്ധു ശശികാന്ത് ബഗേൽ പറഞ്ഞു.
ഇവിടത്തെ ജോലി ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ നാട്ടിലേക്കു തിരിച്ചുവരാനിരുന്നതാണ്. ഇവിടെ പുതിയ ആളായതിനാൽ വഴിയൊന്നും അറിയുമായിരുന്നില്ല. അതിനാൽ എങ്ങനെയോ വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തിപ്പെട്ടതാകാം.
ഒരു ക്രിമിനൽ റിക്കാർഡുമില്ലാത്ത ആളാണ്. മാനസികമായി ഒരുതരത്തിലുമുള്ള പ്രശ്നങ്ങളും ഇല്ല. മദ്യപിക്കാറുണ്ട്. എന്നാൽ ആരുമായും ഒരു പ്രശ്നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ടു മക്കളുണ്ട്. കുടുംബം പോറ്റുന്നതിനു ജോലിയെടുക്കാനാണ് ഇവിടെ വന്നതെന്നും ശശികാന്ത് ബഗേൽ പറഞ്ഞു.
