തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയെന്ന് മുന്‍ ജയില്‍ ഡിഐജി. പി. അജയകുമാര്‍. ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന് വിജിലന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ജയില്‍ ഡിഐജി. വിനോദ് കുമാറിനെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്തത് ജയില്‍ മേധാവിയാണെന്നും അദ്ദേഹം ആരോപിച്ചു.
ടി.പി. കേസിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ പരോള്‍ നല്കാന് ജയില്‍ മേധാവി നേരിട്ട് ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ജയില്‍ സൂപ്രണ്ടിന്റെയും പോലീസിന്റെയും റിപ്പോര്‍ട്ട് അവഗണിച്ചുകൊണ്ടാണ് ജയില്‍ മേധാവി ടി.പി. കേസിലെ പ്രതിയായ കൊടിസുനിക്ക് പരോള്‍ നല്‍കിയത്. ജയില്‍ ഡിഐജി. വിനോദ് കുമാര്‍ കൈക്കൂലിയായി വാങ്ങുന്ന പണത്തിന്റെ പങ്ക് ജയില്‍ മേധാവി കൈപ്പറ്റുന്നുവെന്നും അജയകുമാര്‍ പറഞ്ഞു.
ജയിലുകളില്‍ വിനോദ് കുമാര്‍ ലഹരിക്കടത്ത് നടത്തിയിട്ടുണ്ട്. ഇതിനായി ജയില്‍ ജീവനക്കാരെ ഏജന്റുമാരാക്കിയിട്ടുണ്ട്. വിനോദ് കുമാറിനെതിരെ റിപ്പോര്‍ട്ട് നല്കിയപ്പോള് ജയില്‍ മേധാവിയും സര്‍ക്കാരും വിനോദിനെ സംരക്ഷിക്കുകയായിരുന്നു.
മൂന്ന് വര്‍ഷക്കാലത്തിനിടെ ജയില്‍ മേധാവി സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും സന്ദര്‍ശനം നടത്താതെ എല്ലാം വിനോദ് കുമാറിനെ ഏല്‍പ്പിച്ച് അഴിമതിയുടെ പങ്ക് പറ്റുകയായിരുന്നു. വിനോദിന്റെ വഴിവിട്ട ഇടപാടുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് താന്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ തന്നെ ജയില്‍ മേധാവിയും സര്‍ക്കാരും ഉപദ്രവിക്കുകയാണ്. സര്‍വീസില്‍ നിന്നു വിരമിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിരമിക്കല്‍ ആനുകുല്യം നല്‍കാതെ ഉപദ്രവിക്കുകയാണ്.
ടി.പി. കേസിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെയുള്ള തടവുകാരില്‍ നിന്നും കൈക്കൂലിയായി ലക്ഷക്കണക്കിന് രൂപയാണ് വിനോദ് കുമാര്‍ വാങ്ങിയതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ജയില്‍ മേധാവിയിലേക്കും അന്വേഷണം നീങ്ങണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജയിലിനകത്ത് ലഹരി ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും തടവുകാര്‍ക്ക് പണം വാങ്ങി നല്കാന് വിനോദ് കുമാറിന് ജയില്‍ ജീവനക്കാരെ ഏജന്റുമാരാക്കി നിയോഗിച്ചിട്ടുണ്ട്.
വിനോദിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ ഇതിന്റെ തെളിവുകള്‍ ലഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 2023 ല്‍ കൊടി സുനി വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍ അക്രമം കാട്ടി. അയാള്‍ക്ക് പരോള്‍ നല്‍കരുതെന്ന് ജയില്‍ സൂപ്രണ്ടും പോലീസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ ആറ് മാസത്തിന് മുന്‍പ് തന്നെ ജയില്‍ മേധാവി നേരിട്ട് ഇടപെട്ട് കൊടി സുനിക്ക് പരോള്‍ നല്‍കിയെന്നും അജയകുമാര്‍ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അജയകുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ പന്ത്രണ്ടില്പ്പരം തടവുകാര്‍ക്ക് പരോള്‍ ലഭിക്കാനും സുഖസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമായി ജയില്‍ ഡിഐജി വിനോദ് കുമാര്‍ ഗൂഗില്‍ പേ അക്കൗണ്ട് മുഖേന 35 ലക്ഷത്തില്‍പ്പരം രൂപ കൈക്കൂലിയായി വാങ്ങിയിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലൂടെ 40 ലക്ഷത്തോളം രൂപ എത്തിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
