പരവൂർ: രാജ്യത്ത് ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം ടെലികോം റഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.2025 ഒക്ടോബറിൽ ഇന്ത്യയിൽ 99.98 കോടി ബ്രോഡ്ബാൻഡ് വരിക്കാരാണ് ഉണ്ടായിരുന്നത്.
ഇതിൽ 95.49 കോടി ആൾക്കാർ വയർലസ് നെറ്റ്വർക്കുകളിലും 4.48 കോടി പേർ സ്ഥിരം കണക്ഷനുകളിലുമാണ് ഉണ്ടായിരുന്നത്.2025 നവംബർ ആയപ്പോഴാണ് രാജ്യത്തെ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 100 കോടി കടന്നതെന്നും ട്രായ് വ്യക്തമാക്കി. 51 കോടി ബ്രോഡ്ബാൻഡ് വരിക്കാരുമായി റിലയൻസ് ജിയോ ആണ് മുന്നിൽ.
ഇതിൽ 49.69 കോടി വയർലെസും 1.35 കോടി ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് വരിക്കാരുമാണ്. തൊട്ടു പിന്നാലെ ഭാരതി എയർടെല്ലാണ്. അവർക്ക് 31.42 കോടി ബ്രോഡ്ബാൻഡ് വരിക്കാരുണ്ട്. ഇതിൽ 30.42 കോടി വയർലെവും ഒരു കോടിയിലധികം ഫിക്സഡ് ലൈൻ വരിക്കാരുമാണെന്നും ട്രായ് കണക്കുകളിൽ പറയുന്നു. വോഡഫോൺ ഐഡിയക്ക് 12.77 കോടി വയർലെസ് ബ്രോഡ്ബാൻ്റ് വരിക്കാരുണ്ട്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് 2.94 കോടി വയർലസ് വരിക്കാരും 44.5 ലക്ഷം ഫിക്സഡ് ലൈൻ വരിക്കാരും ഉണ്ടെന്നാണ് റിപ്പോർട്ട്. ട്രായ് കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്ത് ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം ആറ് മടങ്ങ് വർധിച്ചതായാണ് ട്രായ് കണക്കുകളിൽ സൂചിപ്പിക്കുന്നത്.
2015 നവംബർ അവസാനത്തിൽ 13.15 കോടി ബ്രോഡ്ബാൻഡ് വരിക്കാരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. പത്ത് വർഷം കഴിഞ്ഞ് 2025 നവംബർ അവസാനത്തിൽ ഇത് 100.37 കോടിയായാണ് കുതിച്ചുയർന്നിട്ടുള്ളത്. 2025 നവംബറിലെ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം ടെലികോം വരിക്കാരുടെ എണ്ണം 123.45 കോടിയായും ഉയർന്നിട്ടുണ്ട്.
