കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ആരംഭിച്ച് ആദ്യ 20 ദിവസങ്ങളില്‍ കാണാനെത്തിയത് 1.6 ലക്ഷം സന്ദര്‍ശകര്‍. ഇന്ത്യയിലെ ഏറ്റവും വലിയ സമകാലിക കലാ പ്രദര്‍ശനത്തിന് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യതയുടെയും സാംസ്കാരികമായ വളര്‍ച്ചയുടെയും പ്രതിഫലനമാണിത്. ലോകമെമ്പാടുമുള്ള കലാ പ്രവര്‍ത്തകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പുറമേ വലിയൊരു പങ്ക് പ്രാദേശിക സമൂഹവും ബിനാലെയുടെ സന്ദര്‍ശകരായി എത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിര്‍മിതബുദ്ധി അധിഷ്ഠിത ഡാറ്റാ ഉപകരണങ്ങള്‍ വഴിയുള്ള വിശകലനത്തിലൂടെ സന്ദര്‍ശകരുടെ എണ്ണത്തിലെ പരിഷ്കരിച്ച കണക്കുകള്‍ വരും ആഴ്ചകളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിനാലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സന്ദര്‍ശകരുടെ വരവ്, തിരക്ക് കൂടുതലുള്ള സമയങ്ങള്‍, കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന വേദികള്‍ എന്നിവ കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഇത് പ്രാപ്തമാക്കും. ആസൂത്രണം, സന്ദര്‍ശകരുടെ എണ്ണം, തിരക്ക് നിയന്ത്രിക്കല്‍ എന്നിവ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടുതല്‍ സ്ഥലങ്ങളിലേക്കും വേദികളിലേക്കുമുള്ള വ്യാപനമാണ് ബിനാലെയുടെ ഈ പതിപ്പിന്റെ സവിശേഷതയെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ഡോ. വി.വേണു പറഞ്ഞു.
ചില പ്രധാന കേന്ദ്രങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൊച്ചിയിലെ വ്യത്യസ്തവും വിശാലവുമായ സ്ഥലങ്ങള്‍, ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍, വെയര്‍ഹൗസുകള്‍, പൊതു ഇടങ്ങള്‍, ഇതര വേദികള്‍ എന്നിവിടങ്ങളിലേക്ക് ബിനാലെ വികസിച്ചു. പുതിയ ഇന്‍സ്റ്റലേഷനുകളും തത്സമയ കലാ പരിപാടികളും ആളുകളെ വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
