ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഓരുജല ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് നൂതനമായ കാര്‍ഷിക രീതികള്‍ക്ക് നേതൃത്വം നല്‍കിവരുന്ന മത്സ്യകര്‍ഷകനായ പയ്യന്നൂരിലെ ടി. പുരുഷോത്തമന് പറയാനുള്ളത് കേരളത്തിന്റെ അമൂല്യമായ ജലസമ്പത്ത് അധികൃതര്‍ കാണാതെ പോകരുതെന്നാണ്. മൂന്നു പതിറ്റാണ്ടിലേറെയായി മത്സ്യക്കൃഷി രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പുരുഷോത്തമന് ശാസ്ത്രീയ അടിത്തറയുടെയും മൂന്നു പതിറ്റാണ്ടിലേറയുള്ള തന്റെ അനുഭവസമ്പത്തിന്റെയും വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്.
ശാസ്ത്രീയ രീതി വിജയത്തിനാധാരം
തികച്ചും ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലുള്ള കൃഷി രീതിയിലൂടെ മത്സ്യക്കൃഷി ലാഭകരമാക്കാം. വിത്തിറക്കുന്നതു മുതല്‍ മാര്‍ക്കറ്റിംഗ് വരെ ശാസ്ത്രീയ രീതി സ്വീകരിക്കുന്നവര്‍ക്ക് പരാജയമുണ്ടായിട്ടില്ല. നല്ല വിത്ത് തെരഞ്ഞെടുക്കുക, നല്ല ആസുത്രണമുണ്ടാകുക. ആവശ്യത്തിന് മാത്രം തീറ്റ കൊടുക്കുക എന്നത് പ്രധാന ഘടകങ്ങളാണ്. ആവശ്യത്തില്‍ കൂടുതല്‍ തീറ്റ കൊടുത്താല്‍ പണം നഷ്ടമാകുന്നതിന് പുറമെ കുളത്തിലെ വെള്ളം മോശമാകുന്നതിനും ഇതിലൂടെ കൃഷിനാശത്തിനുമിടയാക്കും.
ചെമ്മീന്‍ പാടത്തുള്ള വൈറസ് വ്യാപനം തടയുന്നതിന് മൂന്നുദിവസം മുമ്പ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനായി അനുകൂല ബാക്ടീരിയകളെ നിക്ഷേപിക്കും. കൃഷിയാരംഭിച്ച് കഴിഞ്ഞാല്‍ ചെമ്മീന്പാടത്തെ വെള്ളം മാറ്റുന്നതിലൂടെയും പക്ഷി, ഞണ്ടുകള്‍ എന്നിവയിലൂടെയും വൈറസുകളുണ്ടാകാം. ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് കണ്ടെത്താനാകും. എങ്കിലും ഒരേ കൃഷിയുടെ ആവര്ത്തനങ്ങളിലൂടെയുണ്ടാകുന്ന വൈറസിന്റെ സാന്നിധ്യവും ഒഴിവാക്കേണ്ടതുണ്ട്. ഇതിനായാണ് ചെമ്മീന്‍ പാടങ്ങളില്‍ കരിമീന്‍, പൂമിന്‍, കാളാഞ്ചി, തിരിത, ചെമ്പല്ലി എന്നിവ കൃഷി ചെയ്യുന്നത്. ഇത് വൈറസുകളെ ഒഴിവാക്കുന്നതിനുള്ള പ്രകൃതിദത്തമായ മാര്‍ഗമാണ്.
ചെമ്മീന്‍ പാടത്തെ അധിക വരുമാനം
ചുറ്റും ഉപ്പുവെള്ളമാണെങ്കിലും മഴക്കാലത്ത് ചെമ്മീന്‍ പാടങ്ങളുടെ ബണ്ടിന് മുകളില്‍ ഉപ്പുണ്ടാകുകയില്ല. ഈ സമയത്താണ് ബണ്ടിന് മുകളില്‍ പച്ചക്കറികൃഷി ചെയ്യേണ്ടത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ടണ്‍കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറി ഒഴിവാക്കുന്നതിനും ചെമ്മീന്‍ പാടത്ത് അധിക വരുമാനമുണ്ടാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നത് പുരുഷോത്തമന് അനുഭവത്തിലൂടെ തെളിയിച്ചിട്ടുണ്ട്. ചെമ്മീന്‍ പാടത്തെ വിളവെടുപ്പിന് ശേഷം പാടങ്ങള്‍ വൃത്തിയാക്കുമ്പോള്‍ കോരി മാറ്റുന്ന സ്ലറി മാത്രം മതി നല്ല പച്ചക്കറി വിളവിനുള്ള വളമാക്കാന്‍. രാസവളങ്ങളുടെ ആവശ്യമേയില്ല എന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും ഇതിന് സര്‍ക്കാരിന്റെ പിന്തുണകൂടി ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
150 ഗ്രാം മുതല്‍ 200 ഗ്രാം വരെയുള്ള കരിമീന്‍ 500 മുതല്‍ 2,000 വരെ കുഞ്ഞുങ്ങളെ വിരിയിക്കും. മുട്ടയിട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ വിരിയുമെന്ന പ്രത്യേകതയുമുണ്ട്. കേരളത്തില്‍ ആലപ്പുഴയില്‍ മാത്രമായിരുന്നു കരിമീന്‍ വിത്തുത്പാദനം നടന്നിരുന്നത്. ആലപ്പുഴയില്‍ 18 രൂപയ്ക്ക് കൊടുക്കുന്ന കരിമീന്‍ വിത്ത് 10 രൂപയ്ക്കാണ് പുരുഷോത്തമന് നല്‍കിയത്.
ഉപ്പുവെള്ളത്തിന് പുറമെ ശുദ്ധജലത്തില്‍ അല്പം ഉപ്പിട്ടുകൊടുത്തും നല്ല വിളവുണ്ടാക്കാന്‍ ഈ കരിമീന്‍ വിത്തുകള്ക്കാകുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീന്‍ പാടത്ത് കരിമീന്‍ കൃഷി നടത്തി ജലകര്ഷകര്ക്ക് ഭീഷണിയായി മാറുന്ന വൈറസ് ബാധ ഒഴിവാക്കാമെന്നും അധിക വരുമാനം നേടാമെന്നും ഇദ്ദേഹം തെളിയിച്ചിരുന്നു.
കേരളത്തിലെ ജല സമ്പത്ത് ഉപയോഗപ്പെടുത്തണം
ഇന്ത്യയിലെ ചെമ്മീന്‍ ഉദ്പാദനം 11,62,721 ടണ്ണോളമാണ്. ഇന്ത്യയിലെ മറ്റൊരു സസ്ഥാനത്തിനു മില്ലാത്ത ജലസമ്പത്ത് സ്വന്തമായുള്ള കേരളത്തിലെ ഉത്പാദനം 1,852 ടണ്‍ (0.16 ശതമാനം) മാത്രമാണ്. എന്നാല്‍, മത്സ്യം കഴിക്കുന്നവരില്‍ മലയാളി മുന്നിലുമാണ്. ഇന്ത്യയില്‍ ഒരാള്‍ ഒരുവര്‍ഷത്തില്‍ ശരാശരി ഏഴുകിലോ മത്സ്യം കഴിക്കുമ്പോള്‍ മലയാളികളില്‍ മത്സ്യത്തിന്റെ ഉപയോഗം ശരാശരി 24 കിലോയാണ്.
ഇന്ത്യയില്‍ ചെമ്മിന് ഉത്പാദിപ്പിക്കുന്നവരില്‍ ആന്ധ്രയാണ് 70 ശതമാനം ഉത്പാദനവുമായി മുന്നിലുള്ളത്. കേരളത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയുള്ള കൃത്യമായ ആസൂത്രണവും പദ്ധതികളും തയാറെടുപ്പുകളുമണ്ടെങ്കില് കേരളത്തിന്റെ മത്സ്യ ഉത്പാദന മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാനും നമ്മുടെ സമ്പദ്വ്യവസ്ഥയില് കുതിച്ചുചാട്ടമുണ്ടാക്കാനും നമ്മുക്ക് സാധിക്കും. ഇതോടൊപ്പം ഫാം ടൂറിസ സാധ്യതകളുമുപയോഗപ്പെടുത്താനുമാകണം. ഇതിനൊക്കെ ജനങ്ങളും സര്‍ക്കാരും മുന്നോട്ടുവരണം. കൃഷിക്കാര്‍ക്ക് ഫലപ്രദമായ രീതിയില്‍ പശ്ചാത്തല സൗകര്യമൊരുക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്.
പ്രതിസന്ധിയുണ്ട്; മറികടക്കാന്‍ വഴികളും
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുവ ചുമത്തല്‍ ചെമ്മീന്‍ കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍ കയറ്റുമതിയില്‍ 40 ശതമാനത്തോളം അമേരിക്കയിലേക്കാണ്. നികുതി വര്‍ധനവ് ബാധിച്ചുകൊണ്ടിരിക്കുന്നത് കര്‍ഷകരെയാണ്. ഇന്ത്യക്കാരുടെ വാങ്ങല്‍ശേഷി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഭ്യന്തര വിപണിയിലൂടെയുള്ള വിപണന സാധ്യത ഉപയോഗപ്പെടുത്താന്‍ കഴിയണം. മത്സ്യ വിഭവങ്ങള്‍ മറ്റു ഉത്പന്നങ്ങളെ അപേക്ഷിച്ച് നിശ്ചിത സമയപരിധിക്കപ്പുറം സൂക്ഷിച്ചുവയ്ക്കാനാകില്ല എന്ന പ്രത്യേകത പരിഗണിച്ചുവേണം നടപടികള്‍ സ്വീകരിക്കേണ്ടത്.
കംന്പോഡിയ വഴിയെത്തുന്ന മേക്കോണ്‍ നദി മാത്രമുപയോഗിച്ചാണ് വിയറ്റ്നാമില്‍ മത്സ്യകൃഷി ചെയ്യുന്നത്. എന്നാല്‍, 44 നദികളുള്ള കേരളത്തിലെ കൃഷിക്കാരുടെ മാനസികനില മാറണം. ശാസ്ത്ര സമൂഹം കുറേക്കൂടി താഴോട്ടിറങ്ങിവരണം. ഉദ്യോഗസ്ഥര്‍ പ്രായോഗിക രീതിയിലേക്ക് വരണം. ഇവ മുന്നുംകൂടിയായാല് ഉത്പദനം വർധിപ്പിക്കുകയും കേരളം രക്ഷപ്പെടുകയും ചെയ്യുമെന്നും പുരുഷോത്തമന് ചൂണ്ടിക്കാണിക്കുന്നു.
കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ (കുഫോസ്) ലൈഫ് ടൈം അച്ചീവ്മെന്റ് പ്രഥമ പുരസ്കാര ജേതാവ്, ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ജഗ്ജീവന് റാം അഭിനവ് കിസാന്‍ പുരസ്കാര ജേതാവ്. അക്വാകള്‍ച്ചര്‍ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്കോസ്) ചെയര്മാന്, കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ്, ത്രൈമാസികയായ ‘ജല കര്ഷകന്’ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയാണ് പുരുഷോത്തമന്. ചെമ്മീന്‍കൃഷിയും മത്സ്യക്കൃഷിയും കല്ലുമ്മക്കായ കൃഷിയും നടത്തുന്നതിന് പുറമെ മത്സ്യവിത്തുത്പാദനവും അലങ്കാര മത്സ്യക്കൃഷിയും ഇദ്ദേഹം നടത്തുന്നു. നിലവില്‍ പത്ത് ഹെക്ടര്‍ സ്ഥലത്താണ് ഇദ്ദേഹം കൃഷിചെയ്യുന്നത്.
