ക്വിക്ക് കോമേഴ്സ് പ്ലാറ്റ്ഫോമായ സേപ്റ്റോയ്ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ആപ്പിൽ നൽകിയിരിക്കുന്ന ചേരുവകളും ഡെലിവറി ലഭിച്ച ഉത്പന്നത്തിന്റെ പാക്കറ്റിലുള്ള വിവരങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് ഡൽഹി സ്വദേശിനിയായ സൃഷ്ടി ഗോസവി എന്ന യുവതി ആരോപിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. ‘വിൻഗ്രീൻസ് ഫാംസിന്റെ പെരി ഗാർലിക് ഡിപ്പ്’ എന്ന ഉത്പ്പന്നമാണ് ഇവർ ഓർഡർ ചെയ്തത്. ആപ്പിൽ പരിശോധിച്ചപ്പോൾ പ്രിസർവേറ്റീവുകളോ മറ്റ് രാസവസ്തുക്കളോ ഇല്ലാത്ത ചേരുവകൾ മാത്രമാണ് കാണിച്ചിരുന്നത്. വീട്ടിലെ കുട്ടികൾക്കും കഴിക്കാമല്ലോ എന്ന് കരുതിയാണ് ഉത്പ്പന്നം വാങ്ങിയതെന്ന് യുവതി പറയുന്നു.
എന്നാൽ ഉത്പ്പന്നം വീട്ടിലെത്തിയപ്പോൾ പാക്കറ്റിലെ ചേരുവകൾ പരിശോധിച്ച യുവതി ഞെട്ടി. ആപ്പിൽ കാണിക്കാതിരുന്ന പ്രിസർവേറ്റീവ് ഉത്പ്പന്നത്തിന്റെ പാക്കറ്റിലെ ലിസ്റ്റിൽ വ്യക്തമായി കൊടുത്തിട്ടുണ്ടായിരുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ മനഃപൂർവ്വം പ്രിസർവേറ്റീവിന്റെ പേര് ആപ്പിലെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണെന്നും ഇതൊരു തട്ടിപ്പാണെന്നും യുവതി ആരോപിച്ചു.
വരാനിരിക്കുന്ന സേപ്റ്റോയുടെ ഐപിഒയ്ക്ക് മുൻപ് ഇത്തരം അടിസ്ഥാനപരമായ വിവരങ്ങൾ കൃത്യമായി നൽകാൻ കമ്പനി ബാധ്യസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതോടെ പ്രതികരണവുമായി സേപ്റ്റോ രംഗത്തെത്തി. തങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന സേവന മാതൃക ഇതല്ലെന്നും, പ്രശ്നം ഉടൻ പരിഹരിക്കുന്നതിനായി ഓർഡർ വിവരങ്ങളും ഫോൺ നമ്പറും മെസ്സേജ് അയക്കാനും കമ്പനി ഇൻസ്റ്റാഗ്രാം കമന്റിലൂടെ അഭ്യർഥിച്ചു.
എന്നാൽ ഇൻബോക്സിലൂടെ മാത്രം കാര്യങ്ങൾ ഒതുക്കിതീർക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, ആളുകൾ ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാകാൻ വേണ്ടിയാണ് വീഡിയോ പങ്കുവെച്ചതെന്നും വ്യക്തമാക്കി യുവതി മറുപടി നൽകി.
