കോട്ടയം: സപ്ലൈകോയുടെ ചുമതലയില്‍ സഹകരണസംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനമെന്ന് കര്‍ഷകര്‍. മുന്‍പ് രണ്ടു തവണ പരീക്ഷിച്ച് പരാജയപ്പെട്ട ഈ സംഭരണ രീതി കുറ്റമറ്റതായി നടത്താനുള്ള സാഹചര്യം ഇപ്പോഴുമില്ല. വേണ്ടിടത്തോളം സഹകരണ സ്ഥാപനങ്ങളില്ലെന്നതും പലതും സാമ്പത്തിക ഞെരുക്കത്തിലാണെന്നതുമാണ് പ്രധാന പ്രശ്നം. സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാനുള്ള ഗോഡൗണുകളും അത് കുത്തി അരിയാക്കാനുമുള്ള മില്ലുകളും മിക്ക ജില്ലകളിലുമില്ല. ആകെ വിളയുന്ന നെല്ലിന്റെ അഞ്ചിലൊന്നുപോലും സംഭരിക്കാനുള്ള ഗോഡൗണ്‍ സംവിധാനം സംസ്ഥാനത്ത് നിലവിലില്ല.
തകഴിയിലും വെച്ചൂരിലും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന വന്‍കിട മില്ലുകള്‍ വീണ്ടും തുറക്കാനോ കിടങ്ങൂരിലെ പുതിയ മില്ലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനോ സാധിച്ചിട്ടില്ല. സമയബന്ധിതമായി യന്ത്രങ്ങള്‍ എത്തിച്ച് കൊയ്ത്ത് പൂര്‍ത്തിയാക്കുകയെന്നതും മറ്റൊരു പരിമിതിയാണ്. പിആര്‍എസ് അധിഷ്ഠിത ബാങ്ക് വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കര്ഷകന് നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
ഒരുമ വേണം
വരമ്പത്ത് വേതനം എന്ന സാഹചര്യം പ്രായോഗികമായി നടപ്പാകണമെങ്കില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് പണവും നെല്ല് സംഭരണത്തിന് സംവിധാനവും സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒരുമയും ആവശ്യമാണ്. മാത്രവുമല്ല സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് വേണ്ടത്ര ഫണ്ട് മുന്‍കൂര്‍ നല്‍കുകയും വേണം. നിലവില്‍ സപ്ലൈകോവഴി സ്വകാര്യ മില്ലുകാര്‍ നെല്ല് കൊണ്ടുപോകുമ്പോള്‍ നേരിടുന്ന ചൂഷണം അവസാനിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ഇത് ഇലക്ഷന് മുന്നില്‍ കണ്ടുള്ള അപ്രായോഗിക നീക്കമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പുതിയ സംവിധാനത്തില്‍ കേരള ബാങ്കിനെ ഉള്‍പ്പെടുത്തിയത് സഹകരണ ബാങ്കുകളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പറയുന്നു. എന്നാല്‍ കേരള ബാങ്ക് നെല്ല് സംഭരണത്തിനുള്ള തുക ലോണായി അനുവദിച്ചാല്‍ അത് കേരളബാങ്കിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും.
എവിടെ സൂക്ഷിക്കും?
കേരള ബാങ്കു വഴി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെങ്കിലും സംഭരിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കുമെന്നതില്‍ വ്യക്തത വന്നിട്ടല്ല. അരിക്കമ്പനികള്‍ വഴി സംഭരണം നടത്താനാണ് തീരുമാനമെങ്കില്‍ അവര്‍ പദ്ധതിയോട് സഹകരിക്കാനിടയില്ല. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ല് കുത്തി മറിച്ചു വിറ്റു കിട്ടുന്ന ലാഭത്തിനു പുറമെ പൊടിയരി, ഉമി, തവിട് തുടങ്ങിയവയും മില്ലുകാരുടെ വരുമാനമായിരുന്നു.
നോഡല്‍ സംഘം
ജില്ലാ, താലൂക്ക് തലങ്ങളില്‍ സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കര്‍ഷകരുടെയും ഓഹരി പങ്കാളിത്തത്തില്‍ നോഡല്‍ സഹകരണ സംഘം രൂപീകരിക്കാനാണ് നീക്കം. നോഡല്‍ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ വാടകയ്ക്കെടുക്കുന്ന മില്ലുകളിലോ സ്വകാര്യ മില്ലുകള്‍ വഴിയോ നെല്ല് സംസ്കരണം നടത്തുമെന്ന് പറയുന്നു. നെല്ല് സംഭരണം, തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. അടുത്ത കൊയ്ത്ത് തുടങ്ങാന്‍ രണ്ടര മാസം മാത്രം ശേഷിക്കേ ഇത്രയും സംവിധാനമൊരുക്കുക എളുപ്പമല്ല.
