കൊച്ചി: ട്രെയിനുകള്‍ കേന്ദ്രീകരിച്ചു ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്ന നാലു പേരെ എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നത്തുനാട് കണിനാട് സ്വദേശി ചെറുവള്ളില്‍ വീട്ടില്‍ രാജാശേഖരന്‍ (55 ) കലൂര്‍ പാവത്തിപ്പറമ്പില്‍ കുറുവന്ത്ര വീട്ടില്‍ മാര്ട്ടിന് (56) എന്നിവരെ ട്രെയിനില്‍ നിന്നും ലാപ്ടോപ് മോഷ്ടിച്ചതിനുംവെസ്റ്റ് ബംഗാള്‍ മുര്‍ഷിദ ബാദ് സ്വദേശികളായ നൂര്‍ അലി (24) നൂര്‍ ഇസ്ലാം ഷെയ്ക്ക് ( 25) എന്നിവരെ മൊബൈല്‍ ഫോണ്‍ മോഷണത്തിനും ആണ് എറണാകുളം റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഇ.കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 10 ന് ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ നിന്നും കൊല്ലം സ്വദേശിയുടെ ഒരു ലക്ഷം രൂപ വില വരുന്ന ലാപ്ടോപ് മോഷ്ടിച്ച കേസില്‍ ആണ് രാജാശേഖരനും മാര്‍ട്ടിനും പിടിയില്‍ ആയത്. ഇന്നലെ രാത്രി വിവേക് എക്സ്പ്രസില്‍ നിന്നും, മലബാര്‍ എക്സ്പ്രസില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷണം ചെയ്തതിനു ശേഷം പുലര്‍ച്ചെ കാരക്കല്‍ എക്സ്പ്രസില്‍ നിന്നും മോഷണം നടത്താന്‍ കയറിയ സമയത്താണ് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍ ആയത്. പ്രതികളില്‍ നിന്നും രണ്ടു ലക്ഷം രൂപ വിലവരുന്ന മുതലുകള്‍ കണ്ടെടുത്തു.
ഇന്‍സ്പെക്ടര്‍ കെ. ബാലന്, എ. എസ്. ഐ അജി, പോലീസ് ഉദ്യോഗസ്ഥരായ കെ.വി. ഡിനില്‍ , ആര്. മഹേഹേഷ്, കെ വി. നിധിന് , മുഹമ്മദ് റിസ്വന് , ബി. എല്‍. ഷമീര്‍ , പി. ജെ. അലക്സ് , അഖില്‍ തോമസ്, അജിത് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
