കോഴിക്കോട്: കുന്നമംഗലത്ത് ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കാർ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്. കൊടുവള്ളി സ്വദേശി നിഹാൽ, പിക്കപ്പ് ഡ്രൈവർ വയനാട് സ്വദേശി ഷമീർ എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നു.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുന്നമംഗലം മുറിയനാലിലാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും താമരശേരി ചുരം ഇറങ്ങി വന്ന പിക്കപ്പ് ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരും തൊലീസും ചേർന്നാണ് ഉടൻ രക്ഷാപ്രവർത്തനം നടത്തിയത്.
എന്നാൽ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന സഹായിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
