ചാത്തന്നൂർ: കെഎസ്ആർടിസി സർവീസുകളും കിലോമീറ്ററുകളും കുറച്ചപ്പോൾ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന. മാത്രമല്ല തിങ്കളാഴ്ചകൾ തോറും ഒന്നരക്കോടി മുതൽ കൂടുതൽ ലാഭവും.
സർവീസ് പരിഷ്കരണത്തിലൂടെയും ലാഭകരമല്ലാത്ത റൂട്ടുകൾ പുനഃസംഘടിപ്പിച്ചതിലൂടെയും മുൻ കാലങ്ങളിലെതിനെക്കാൾ പ്രതിദിനം 44,000 കിലോമീറ്റർ സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. എന്നിട്ടും പ്രതിദിനം 43,000 യാത്രക്കാർ വർധിച്ചിട്ടുള്ളതായാണ് കെഎസ്ആർടിസിയുടെ കണക്ക്.
2024 -ൽ 19.84 ലക്ഷം യാത്രക്കാരായിരുന്നത് 2025 ൽ 20.77 ലക്ഷമായി വർധിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ 1.6 കോടിയാണ് വാർഷിക വർധന. 2024 ഡിസംബറിൽ പ്രതിദിന വരുമാനം ശരാശരി 7.8 കോടിയായിരുന്നത് 2025 ഡിസംബറിൽ 8.34 കോടിയായി. 2025 ജനുവരിയിൽ പ്രതിദിന വരുമാനം ശരാശരി 7.53 കോടിയായിരുന്നത് 2025 ജനുവരിയിൽ 8.86 കോടിയായി ഉയർന്നു. വരുമാനം പ്രതിദിനം 9 കോടിയായി ഉയർന്നാൽ ലാഭ-നഷ്ടങ്ങളില്ലാത്ത അവസ്ഥയിലെത്തുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ .
തിങ്കളാഴ്ച ദിവസങ്ങളിൽ വരുമാനം കുത്തനെ ഉയരുന്ന സ്ഥിതിയാണ്. ജനുവരി അഞ്ചിന് 12.18 കോടി ടിക്കറ്റ് വരുമാനവും 0.83 കോടി ടിക്കറ്റിതരവരുമാനവും കൂടി 13.01 കോടിയായിരുന്നു. ജനുവരി 12-ന് ടിക്കറ്റ് വരുമാനം 10.89 കോടിയും ടിക്കറ്റിതര വരുമാനമായ 82 ലക്ഷവും കൂടി 11.71 കോടിയായിരുന്നു വരുമാനം. എല്ലാ തിങ്കളാഴ്ചകളിലും 10.5 കോടിക്ക് മുകളിൽ വരുമാനമുണ്ടാകുന്നുണ്ട്. 4350 ഓളം ബസുകളാണ് സർവീസ് നടത്തുന്നത്.
പ്രദീപ് ചാത്തന്നൂർ
