ദോഹ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ വൻ രൂക്ഷമായ സാഹചര്യത്തിൽ ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിൽനിന്ന് അമേരിക്കയും ബ്രിട്ടനും തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെ ഭാഗികമായി പിൻവലിക്കുന്നു. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സൈനികരെ മാറ്റുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇറാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചതിനെത്തുടർന്ന് എയർ ഇന്ത്യ, ലുഫ്താൻസ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ വഴിതിരിച്ചുവിട്ടു. ഇത് വിമാന സർവീസുകൾ വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമായി. ടെഹ്റാനിലെ ബ്രിട്ടീഷ് എംബസി താത്കാലികമായി അടച്ചുപൂട്ടുകയും പ്രവർത്തനം ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റുകയും ചെയ്തു. ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ഇറാൻ വിടണമെന്നു മുന്നറിയിപ്പു നൽകി.
ഇറാനിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഇതുവരെ 15,000ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 20,000ലേറെ പ്രതിഷേധക്കാരെ ഇറാൻ ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധിച്ചാൽ ഇറാനെതിരേ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
മേഖലയിലെ സംഘർഷം കണക്കിലെടുത്താണ് സൈനികരെ മാറ്റുന്നതെന്ന് ഖത്തർ സർക്കാർ സ്ഥിരീകരിച്ചു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കും തന്ത്രപ്രധാന മേഖലകളുടെ സംരക്ഷണത്തിനുമാണ് പ്രഥമ പരിഗണനയെന്ന് ഖത്തർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമാണ് അൽ-ഉദൈദ്. ഇവിടെ പതിനായിരത്തോളം അമേരിക്കൻ സൈനികരും നൂറോളം ബ്രിട്ടീഷ് സൈനികരുമാണുള്ളത്.
അതേസമയം, അമേരിക്ക സൈനിക നീക്കം നടത്തിയാൽ മേഖലയിലെ യുഎസ്, ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക സൈനിക ഇടപെടലിനായി മനഃപൂർവം കാരണങ്ങൾ ഉണ്ടാക്കുകയാണെന്നും ഇറാൻ ആരോപിച്ചു.
