ന്യൂഡൽഹി: സർക്കാർ വിരുദ്ധ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിനു സമാനമായ സാഹചര്യത്തിലേക്കു നീങ്ങുന്ന ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം. \
സാഹചര്യം മോശമായാൽ അടിയന്തരമായി ഇടപെടാൻ വിദേശകാര്യ മന്ത്രാലയം സജ്ജമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
രാജ്യത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇറാൻ വിദേശകാര്യമന്ത്രി നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദർശനം മാറ്റിവച്ചു. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന് ജയശങ്കർ വ്യക്തമാക്കി.
