കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സര്‍ക്കാരിനോ ബിലീവേഴ്സ് ചര്‍ച്ചിനോ (അയന ചാരിറ്റബിള്‍ ട്രസ്റ്റ്) എന്നതില്‍ തിങ്കളാഴ്ച വിധി വരാനിരിക്കെ അടുത്ത നടപടി എന്തെന്നതില്‍ ആശങ്കയും അനിശ്ചിതത്വവും ബാക്കി. വിധി ഏതു കക്ഷിക്ക് എതിരായാലും മേല്‍ക്കോടതിയിലേക്ക് അപ്പീല്‍ പോകുമെന്ന് തീര്‍ച്ച.
വിധി ബിലീവേഴ്സ് ചര്‍ച്ചിന് അനുകൂലമെങ്കില്‍ സര്‍ക്കാരിന് ഒരു സാധ്യത ബാക്കിയുണ്ട്. വിധി അംഗീകരിച്ച് എരുമേലിയില്‍ ശബരി വിമാനത്താവളം പണിയാനുള്ള ഭൂമി ബിലീവേഴ്സ് ചര്‍ച്ചില്‍നിന്നു വിലയ്ക്ക് വാങ്ങുക.
വിമാനത്താവളം വരുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഇതിലേക്ക് ആവശ്യമായ സ്ഥലം വിലയ്ക്ക് നല്‍കാമെന്നും ഏറെക്കാലമായി ബിലീവേഴ്സ് ചര്‍ച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2570 ഏക്കര്‍ വിസ്തൃതമായ എസ്റ്റേറ്റില്‍നിന്ന് ആയിരം ഏക്കര്‍ വാങ്ങിയാലും മൂന്നു കി.മീ. റണ്‍വേയില്‍ എയര്‍പോര്‍ട്ട് നിര്‍മിക്കാം. അതേസമയം വിധി സര്‍ക്കാരിന് അനുകൂലമായാല്‍ ബിലീവേഴ്സ് ചര്‍ച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും.
ചെറുവള്ളി എസ്റ്റേറ്റിന് സമാനമായി സംസ്ഥാനത്ത് നാല്പതിലേറെ എസ്റ്റേറ്റുകളുടെ അവകാശം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിര്‍ദിഷ്ട ശബരി വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമായി ചെറുവള്ളി എസ്റ്റേറ്റ് പരിഗണിക്കുന്നതിനാലാണു വിധിക്കു പ്രാധാന്യം. ശബരി എയര്‍പോര്‍ട്ട് വിജ്ഞാപനം സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയും പിടിപ്പുകേടും മൂലം ഹൈക്കോടതി രണ്ടു തവണ റദ്ദാക്കിയിരുന്നു.
പോരായ്മകള്‍ പരിഹരിച്ചു പുതിയ വിജ്ഞാപനം ഇറക്കാനോ നിര്‍മാണം തുടങ്ങാനോ ഉള്ള സമയം നിലവിലെ സര്‍ക്കാരിന് ഇല്ലെന്നിരിക്കെ എസ്റ്റേറ്റ് കേസിലെ വിധിക്കു കാര്യമായ പ്രസക്തിയില്ല. എയര്‍പോര്‍ട്ട് നിര്‍മിക്കാന്‍ ആയിരം ഏക്കറില്‍ താഴെ മതിയെന്നിരിക്കെ 2600 ഏക്കര്‍ എന്തിനെടുക്കുന്നു എന്ന ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്.
വ്യവഹാരം തുടങ്ങിയിട്ട് അഞ്ചു വര്‍ഷം
ചെറുവള്ളി എസ്റ്റേറ്റ് കേസ് പാലാ കോടതിയില്‍ വ്യവഹാരം തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. 2018ല്‍ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീര്‍ന്നതാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശിപാര്‍ശ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വിജ്ഞാപനവും നടത്തി.
എന്നാല്‍ ഭൂമിയുടെ മുന്‍ ഉടമകളായ ഹാരിസണ്‍ മലയാളം ഹൈക്കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കല്‍ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതിയും സുപ്രീം കോടതിയും നിര്‍ദേശിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ പാലാ സബ് കോടതിയെ സമീപിച്ചത്.
1865-ലെ പാട്ട വിളംബരപ്രകാരം ഭൂമിയില്‍ തങ്ങള്‍ക്ക് ഉടമാവകാശം ഉറപ്പിക്കാമെന്ന് ബിലീവേഴ്സ് ചര്‍ച്ച് വാദിച്ചു. എന്നാല്‍ വിളംബരത്തിന് പിന്നീടുള്ള ഇടപാടുകളില്‍ സാധുത ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.
