അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്കു വിദഗ്ധപരിചരണം ഉറപ്പാക്കാൻ എഐ ആംബുലൻസ് സംവിധാനവുമായി രാജഗിരി ആശുപത്രി. ഇതോടെ അത്യാധുനിക എഐ ഗവേൺഡ് ആംബുലൻസ് സംവിധാനമുളള കേരളത്തിലെ ആദ്യത്തെ ആശുപത്രിയായി രാജഗിരി മാറി.
യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ കമ്പനിയായ ഏറ്റിയാനുമായി സഹകരിച്ചാണ് ആംബുലൻസ് സജ്ജീകരിച്ചത്. രോഗിയെ ആംബുലൻസിൽ കയറ്റുന്നതു മുതൽ ആശുപത്രിയിൽ എത്തുന്നതുവരെയുള്ള ഓരോ നിമിഷവും വിദഗ്ധ ഡോക്ടർമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കുന്നതിന് സഹായകമാണ് പുതിയ സംവിധാനം.
ആംബുലൻസിലെ അത്യാധുനിക എഐ അൽഗോരിതവും ടു-വേ വീഡിയോ കാമറകളും വഴി രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദം, ഓക്സിജൻ നില തുടങ്ങിയ വിവരങ്ങൾ തത്സമയം ആശുപത്രിയിലെ ഡോക്ടർമാരുടെ സ്ക്രീനിൽ ലഭ്യമാക്കും. രോഗി ആശുപത്രിയിൽ എത്തുന്നതിനു മുന്പുതന്നെ ആരോഗ്യനില കൃത്യമായി വിശകലനം ചെയ്യാനും ആവശ്യമായ മരുന്നുകളും ചികിത്സാനിർദേശങ്ങളും ആംബുലൻസിലെ മെഡിക്കൽ സംഘത്തിനു നൽകാനും ഡോക്ടർമാർക്ക് സാധിക്കും.
എഐ ആംബുലൻസ് മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യകൾ സാധാരണക്കാർക്കും ലഭ്യമാക്കുന്ന ഇത്തരം സംവിധാനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആംബുലൻസിനുള്ളിലെ സമയം ജീവൻ രക്ഷിക്കുന്നതിനുള്ള നിർണായക ചികിത്സാ സമയമാക്കി മാറ്റാൻ എഐ സംവിധാനം സഹായിക്കുമെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. ഏറ്റിയാൻ സ്ഥാപകനും, സിഇഒയുമായ ശ്രീനിവാസ് സർദാർ ഓൺലൈൻ വഴി പരിപാടിയിൽ പങ്കെടുത്തു.
ഏറ്റിയാൻ എഐ മെഡിക്കൽ ഡയറക്ടർ ഡോ. വസന്ത് ബെതാല, ടെലിമെഡിസിൻ സർവീസ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെവിൻ ദേവസ്യ, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു.
