തൃശൂര്‍: 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു. നടൻ മോഹൻലാൽ മുഖ്യാതിഥിയായി. കലോത്സവ ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തി വാസ്കു ലിറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ള സിയ ഫാത്തിമയ്ക്ക് ഓൺലൈനായി കലോത്സവത്തിൽ പോസ്റ്റർ രചനാ മത്സരത്തിനു പങ്കെടുക്കാൻ അവസരം നൽകിയതിനു മന്ത്രി വി. ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.
എന്നും ഓര്‍ത്തിരിക്കാൻ പറ്റുന്ന അനുഭവങ്ങളുടെ ഓര്‍മയാണ് കലോത്സവം സമ്മാനിക്കുന്നത്. നമ്മുടെ എല്ലാ സ്വപ്നങ്ങളെയും യഥാര്‍ഥ്യമാക്കാൻ കരുത്തുള്ളവരാണ് ഈ കുട്ടികളെന്നും സതീശൻ പറഞ്ഞു.
അടുത്തവര്‍ഷം മുതൽ കലോത്സവ നടത്തിപ്പിൽ കാതലായ മാറ്റമുണ്ടാകുമെന്നും അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ സ്കൂള്‍, സബ് ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂള്‍ കലോത്സവങ്ങളിലെ പരാതി ഒഴിവാക്കാൻ പുറത്തുനിന്ന് നിരീക്ഷകരെ നിയോഗിക്കും. കലോത്സവവും ഇൻക്ലൂസീവ് ഫെസ്റ്റിവലായി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കും. കലയെ ഗൗരവമായി കാണുന്ന കുട്ടികള്‍ക്ക് കലാ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
