റിപ്പബ്ലിക് ദിന പരേഡിലേക്കുള്ള കേരളത്തിന്റെ നിശ്ചലദൃശ്യം ഒരുങ്ങുന്നു. ഡൽഹി കന്റോണ്മെന്റിലെ രാഷ്ട്രീയ രംഗശാലയിൽ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിന്റെ നിശ്ചലദൃശ്യവും അന്തിമ മിനുക്കുപണിയിലാണ്. സംസ്ഥാനത്തിന്റെ സ്വന്തം വാട്ടർ മെട്രോയുടെയും തനത് കാർഷികവൃത്തിയുടെയും കേരളത്തിനുമാത്രം സ്വന്തമായ നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരതാനേട്ടവും പ്രമേയമാക്കിയാണു നിശ്ചലദൃശ്യം.
ഡിജിറ്റൽ സാക്ഷരതയുടെ ബ്രാൻഡ് അംബാസഡറായ സരസു എന്ന 73 കഴിഞ്ഞ തൊഴിലുറപ്പ് തൊഴിലാളിയെയാണ് നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരത എന്ന നേട്ടത്തിന്റെ പ്രതീകമായി കേരളം നിശ്ചലദൃശ്യത്തിൽ അവതരിപ്പിക്കുന്നത്. മടിയിലൊരു ലാപ്ടോപ്പും കൈയിൽ ഫോണും ചെവിയിൽ ഇയർഫോണുമായി ഇരിക്കുന്ന സരസുവിന്റെ രൂപമാണ് നിശ്ചലചിത്രത്തിന്റെ പ്രധാന ആകർഷണം.
ഇതിനോടൊപ്പമാണ് കൊച്ചി കായലിലൊഴുകി നീങ്ങുന്ന വാട്ടർ മെട്രോയും അതിനുപിന്നിലെ ടെർമിനലും. ഹരിത കർമസേനയിലെ അംഗങ്ങളുൾപ്പെടെയുള്ളവരെ മെട്രോയിൽ യാത്രക്കാരായി നിശ്ചലചിത്രത്തിൽ ചിത്രീകരിക്കുന്നുമുണ്ട്. കൂടാതെ കേരളത്തിന്റെ കാർഷിക പൈതൃകം വരച്ചുകാട്ടി ഇഞ്ചി, കറുവപ്പട്ട, തേങ്ങ, ചക്ക, ജാതിക്ക, ഗ്രാന്പൂ എന്നിവയുടെ വലിയ രൂപങ്ങളും നിശ്ചലചിത്രത്തിലൊരുങ്ങുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ നിശ്ചലദൃശ്യം ഇന്ത്യാ ഗേറ്റിനു മുന്നിലൂടെ ഒഴുകിനീങ്ങുന്പോൾ ദൃശ്യത്തിന്റെ ഇരുവശവും നാടോടിനർത്തകരും അണിനിരക്കും.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയമനുസരിച്ച് നിശ്ചലദൃശ്യത്തിന്റെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് റോയ് ജോസഫ് എന്ന കലാകാരനാണ്. 2023നുശേഷം ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് കേന്ദ്രാനുമതി ലഭിക്കുന്നത്.
സ്വന്തം ലേഖകൻ
