അക്രമം നേരിട്ട സൗദി അറേബ്യന്‍ യൂട്യൂബര്‍ക്ക് മൂന്ന് മില്യണ്‍ പൗണ്ട് നല്‍കാന്‍ യുകെ കോടതി

യൂട്യൂബില്‍ ധാരാളം ആരാധകരുള്ള സൗദി സ്വദേശിയായ കൊമേഡിയന് അനുകൂലമായി ലണ്ടന്‍ കോടതിയുടെ വിധി. സൗദി രാജകുടുംബത്തെ നിരന്തരം പരിഹസിച്ചിരുന്ന ഘനെം അല്‍ മസാരിര്‍ ധാരാളം അധിക്ഷേപങ്ങളും പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

ആദ്യത്തെ സംഭവത്തില്‍, ഒരു പൊതുസ്ഥലത്തു വച്ച് രണ്ട് പേര്‍ അടുത്തുവരികയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മുഖത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു. രണ്ടാമത്തെ സംഭവം 2019ലായിരുന്നു. ഒരു കഫേയില്‍ വച്ച് ഒരു കുട്ടി മസാരിറിനെ സമീപിക്കുകയും സൗദി രാജാവ് സല്‍മാനെ പുകഴ്ത്തി പാട്ടുപാടാന്‍ ആരംഭിക്കുകയും ചെയ്തു. മറ്റൊരവരത്തില്‍ ഒരാള്‍ വധഭീഷണിയും മുഴക്കിയിട്ടുണ്ട്.

തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതും പലതവണ നേരിട്ട ആക്രമണങ്ങള്‍ അഴിച്ചുവിട്ടതുമെല്ലാം സൗദി ഭരണകൂടത്തിന്‍റെ അറിവോടെയാണെന്ന് കോടതി കണ്ടെത്തി. മൂന്ന് മില്യണ്‍ പൗണ്ട് (4.1 മില്യണ്‍ ഡോളര്‍) യൂട്യൂബര്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സൗദിയില്‍ ജനിച്ചെങ്കിലും രണ്ട് പതിറ്റാണ്ടുകളോളം ബ്രിട്ടണില്‍ ജീവിച്ച ഇദ്ദേഹം ഇപ്പോള്‍ ബ്രിട്ടീഷ് പൗരനാണ്.

അക്രമങ്ങളുടെ ആഘാതത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി മസാരിര്‍ യൂട്യൂബില്‍ വീഡിയോകളൊന്നും അപ്‌ലോഡ് ചെയ്തിട്ടില്ല. എത്ര പണം കിട്ടിയാലും തനിക്ക് പഴയ വ്യക്തിയാകാന്‍ കഴിയില്ലെന്നും അത്രമേല്‍ ജീവിതം കീഴ്‌മേല്‍ മറിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

Related posts

Leave a Comment