സ്മാര്‍ട്ട് വാച്ചുകളാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. കോളിംഗും മേസേജിംഗും പേയ്‌മെന്‍റും മ്യൂസിക്കും ഹെല്‍ത്ത് ട്രാക്കിംഗും വരെ സന്നിവേശിപ്പിച്ചിട്ടുള്ള ആപ്പിള്‍ വാച്ചുകള്‍ ആഗ്രഹിക്കാത്തവര്‍ ഇന്ന് കുറവായിരിക്കും. ഫുള്‍ ടൈം കണക്ടിവിറ്റി ഉറപ്പാക്കുന്നതിനാല്‍ സദാസമയവും നോട്ടിഫിക്കേഷന്‍സ് ഒഴുകിയെത്തിയേക്കാം.
ഇത് തനിക്കൊരു ബുദ്ധിമുട്ടായി തീര്‍ന്നതിനാല്‍ സ്മാര്‍ട്ട് വാച്ച് എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചുവെന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ഛത്തീസ്ഗഢ് സ്വദേശി രത്തന്‍ ദില്ലണ്‍.
പകരം താന്‍ പഴയ മാതൃകയിലുള്ള ഒരു വാച്ച് വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയെന്നും ഇദ്ദേഹം പറയുന്നു.
‘ സ്മാര്‍ട്ട് വാച്ച് കെട്ടുമ്പോള്‍ നിരന്തരം കോളുകളും നോട്ടിഫിക്കേഷനുകളും വരും. ഇതിനോട് ഞാന്‍ അഡിക്റ്റഡ് ആയി. ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധ മാറിപ്പോകും. കൂടെക്കൂടെയുള്ള ചാര്‍ജിംഗും വേണ്ടിവരും. പോരാത്തതിന് മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യനാകുകയും ചെയ്യും..നോട്ടിഫിക്കേഷന്‍സ് കാരണം കൂടെക്കൂടെ നമ്മള്‍ വാച്ചിലേക്ക് നോക്കും. ആരോടെങ്കിലും സംസാരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെങ്കില്‍ നമ്മള്‍ തിരക്കിലാണെന്നോ അല്ലെങ്കില്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നോ അവര്‍ തെറ്റിദ്ധരിക്കും”, രത്തന്‍ പോസ്റ്റില്‍ പറയുന്നു.
എല്ലാവരും താന്‍ നല്‍കുന്ന സന്ദേശം ഉള്‍ക്കൊള്ളണമെന്നും വാച്ച് സമയം നോക്കാനുള്ളതായിരിക്കണമെന്നും രത്തന്‍ ദില്ലണ്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷം യൂസര്‍മാരും ദില്ലണെ പിന്തുണയ്ക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. അണമുറിയാത്ത കണക്ടിവിറ്റിയല്ല മനസമാധാനമാണ് മുഖ്യമെന്ന് കൂടുതല്‍ പേരും കരുതുന്നു.
സ്മാര്‍ട്ട് വാച്ച് ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ഭയങ്കരമെന്ന് യുവാവ്; എക്‌സ് പോസ്റ്റിന് വന്‍ സപ്പോര്‍ട്ട്
