ഹരിപ്പാട്: നിരാലംബയായ വീട്ടമ്മയുടെ ജീവൻ നിലനിർത്താൻ നാടൊന്നായി കൈകോർത്തപ്പോൾ മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് രണ്ടു ലക്ഷത്തിലേറെ രൂപ. വൃക്കരോഗം ബാധിച്ച് തളർന്ന പത്തിയൂർ പഞ്ചായത്ത് 20-ാം വാർഡ് രാമപുരം കീരിക്കാട് സന്തോഷ് ഭവനത്തിൽ തങ്കമണി(60)യുടെ ചികിത്സയ്ക്കായി ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയാണ് സാന്ത്വനസ്പർശമായത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തങ്കമണിയുടെ രണ്ടു വൃക്കകളും നിലവിൽ പ്രവർത്തനരഹിതമാണ്.ആഴ്ചയിൽ രണ്ട് ഡയാലിസിസ് ചെയ്താണ് ഇവരുടെ ജീവൻ നിലനിർത്തുന്നത്. അങ്കണവാടി അധ്യാപികയായിരുന്ന തങ്കമണിക്ക് രോഗം ബാധിച്ചതോടെ ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയായി.
ഈ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ഷാജി കെ. ഡേവിഡ് ചെയർമാനായ ഹരിപ്പാട് കരുതൽ കൂട്ടായ്മ സൽക്കർമ സൽക്കാരത്തിലൂടെ വെറും മണിക്കൂറുകൾക്കുള്ളിൽ 2,07,000 രൂപയാണ് സുമനസുകളിൽനിന്ന് സമാഹരിച്ചത്.
ശംഭു പ്രസാദ്, ലത, ബാബു എസ്. പിള്ള, ജോസ് സാമുവൽ, ജോമോൻ, അഷ്റഫ്, വിഷ്ണു, ഗോപൻ, കണ്ണൻ, അന്നമ്മ എ ന്നിവർ സമാഹരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
