ന്യൂഡൽഹി: ഓസ്ട്രേലിയയിലെ മെൽബണിൽ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ മോഷണംപോയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. മെൽബണിലെ റോവില്ലയിലുള്ള ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിനു മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് സാമൂഹിക വിരുദ്ധർ കവർന്നത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വിദേശകാര്യ മന്ത്രാലയം ഓസ്ട്രേലിയൻ അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതിമ തകർത്തതിനെയും മോഷ്ടിച്ചതിനെയും ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. പ്രതിമ വീണ്ടെടുക്കാനും കുറ്റവാളികളെ പിടികൂടാനും അടിയന്തര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പുലർച്ചെ 12:50 ഓടെയാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ആംഗിൾ ഗ്രൈൻഡർ ഉപയോഗിച്ച് 426 കിലോഗ്രാം തൂക്കം വരുന്ന വെങ്കല പ്രതിമ മുറിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് സമ്മാനിച്ച ഈ പ്രതിമ ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ളതാണ്.
ഈ ഗാന്ധി പ്രതിമയ്ക്കെതിരേ നേരത്തെയും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2021 നവംബറിൽ പ്രതിമ അനാവരണം ചെയ്ത് 24 മണിക്കൂർ തികയുന്നതിന് മുൻപ് തന്നെ ഇത് തകർക്കാൻ ശ്രമം നടന്നിരുന്നു. ഓസ്ട്രേലിയയിൽ അടുത്ത കാലത്തായി വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ വികാരങ്ങളും ഖാലിസ്ഥാൻ അനുകൂല തീവ്രവാദികളുടെ പ്രവർത്തനങ്ങളും സംഭവത്തിനു പിന്നിലുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വിക്ടോറിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
