ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ നഗരത്തെ ഭീതിയിലാക്കി നായകളിൽ ത്വക്ക് രോഗം പടരുന്നു. രോമങ്ങൾ കൊഴിഞ്ഞ് വ്രണങ്ങളോടെയാണ് തെരുവുനായകൾ അലഞ്ഞുനടക്കുന്നത്. അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവുമുണ്ട് ഇവയ്ക്ക്. രോഗം ബാധിച്ച് നായകൾ ചാകാൻ തുടങ്ങിയതോടെയാണ് നഗരം ഭീതിയിലായത്.
രോഗം ബാധിച്ച് ക്ഷീണിച്ച നായകൾ അലഞ്ഞുനടക്കുന്നുണ്ട്. ഇവ കുട്ടികളെ ഉൾപ്പെടെ ആക്രമിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. കുതിരപ്പന്തി, വട്ടയാൽ എന്നിവിടങ്ങളിലാണ് അസുഖം ബാധിച്ച നായ്ക്കൾ കൂടുതലായി വിഹരിക്കുന്നത്.
രാത്രികളിൽ ബീച്ചടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങിയയിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
നഗരസഭ ചെയ്യേണ്ടത്.
- നായ്ക്കൾക്ക് രോഗം വരാനുള്ള കാരണം കണ്ടെത്താൻ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ പഠനം നടത്തണം.
- രോഗം മനുഷ്യരിലേക്കു പകരുന്നതാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. നായകൾ പലതും ചാവുന്നുണ്ട്. കുഷ്ഠരോഗം പിടിപെട്ടതുപോലെയാണ് നായകളുടെ ശരീരം.
- നഗരത്തിൽ എബിസി പദ്ധതി ശക്തമാക്കണം. നായകൾക്ക് വന്ധ്യംകരണം നടത്തി വാക്സിനേഷനും നൽകണം. ഇവ രണ്ടും 100 ശതമാനം പൂർത്തിയാക്കിയാൽ മാത്രമേ ഇത്തരം ആശങ്കകൾ അകറ്റാൻ കഴിയൂ.
- നഗരത്തിൽ പട്ടിക്കുട്ടികളെ കണ്ടെത്തി മൃഗസ്നേഹികളുടെ സഹായത്തോടെ ആവശ്യക്കാർക്ക് വളർത്താൻ നൽകാനുള്ള സൗകര്യം ഒരുക്കിയാൽ ഒരു പരിധിവരെ തെരുവുനായ ശല്യം നിയന്ത്രിക്കാൻ കഴിയും.
