പരവൂർ: രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ കുറ്റവാളികളിൽ നിന്ന് തിരിച്ചു പിടിക്കാനായത് 8, 189 കോടിയിലധികം രൂപ.ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2021 നും 2025 നും മധ്യേ സെന്ററിന് ലഭിച്ച 23.6 ലക്ഷം പരാതികളിൽ അതിവേഗ നടപടികൾ സ്വീകരിച്ചതിലൂടെയാണ് ഇത്രയും തുക തിരിച്ചെടുക്കാൻ സാധിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.സാമ്പത്തിക തട്ടിപ്പുകൾ നടന്നാൽ ഉടൻ റിപ്പോർട്ട് ചെയ്യുന്നതിനും ഫണ്ട് തട്ടിയെടുക്കുന്നത് തടയുന്നതിനുമായി 2001-ലാണ് സെന്ററിന് കീഴിൽ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം പ്രവർത്തനം ആരംഭിച്ചത്.
ഇതോടനുബന്ധിച്ച് തട്ടിപ്പിനിരയാകുന്ന പൗരന്മാർക്ക് ഓൺലൈൻ സൈബർ പരാതികൾ സമർപ്പിക്കാൻ സഹായിക്കുന്നതിന് 1930 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പരും പ്രവർത്തനക്ഷമമാക്കി. കഴിഞ്ഞ അഞ് വർഷത്തിനിടെ ലഭിച്ച പരാതികളിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 12.2 ലക്ഷത്തിലധികം സിം കാർഡുകളും മൂന്ന് ലക്ഷത്തിലധികം ഐഎംഇഐ നമ്പരുകളും ബ്ലോക്ക് ചെയ്തു.
ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സൈബർ കുറ്റവാളികളുടെ തിരിച്ചറിയലിനായി 2024 സെറ്റംബർ മുതൽ ഒരു രജിസ്ട്രിയും സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 2025 ഡിസംബർ 31 വരെ 26.5 ലക്ഷം മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താനും സാധിച്ചു.സൈബർ കുറ്റകൃത്യങ്ങൾക്കുള്ള മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം, ഡാറ്റ ശേഖരണം, നിയമ നിർവഹണന ഏജൻസികൾ എന്നിവ ഒറ്റ ഏകോപന പ്ലാറ്റ്ഫോമായി പ്രവർത്തിച്ചാണ് തട്ടിപ്പുകൾ തടയുന്നതിന് പ്രവർത്തിക്കുന്നത്. സമൻവയ എന്ന പേരിലാണ് ഈ പ്ലാറ്റ്ഫോം അറിയപ്പെടുന്നത്.
ഈ പ്ലാറ്റ്ഫോമും സൈബർ കുറ്റവാളികളുടെ സ്ഥലവും അവരുടെ അടിസ്ഥാന സൗകര്യങ്ങളും മാപ്പ് ചെയ്യുന്ന പ്രതിബിംബ് എന്ന മൊഡ്യൂളും ചേർന്ന് നടത്തിയ അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം തട്ടിപ്പുമായി ബന്ധപ്പെട്ട് 20, 853 പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായും സെന്ററിന്റെ റിപ്പോർട്ടിൽ പറയുന്നു.
സൈബർ തട്ടിപ്പ് കേസുകളിൽ ഇ-എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് കേന്ദ്ര സർക്കാർ പുതിയ സംരഭവും ആരംഭിച്ചിട്ടുണ്ട്.
ഡൽഹി, രാജസ്ഥാൻ, ചണ്ഡിഗഡ്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് ഇ-എഫ്ഐആർ സംവിധാനം നടപ്പിലാക്കി കഴിഞ്ഞു. ഇവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
- എസ്.ആർ. സുധീർ കുമാർ
