ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും നിർണായക ഇടക്കാല കരാർ പ്രഖ്യാപിച്ചു. കരാർപ്രകാരം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന ഇറക്കുമതി തീരുവ 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കും. ഇരു രാജ്യങ്ങൾക്കും പരസ്പര ഗുണകരമാകുന്ന രീതിയിലുള്ള സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള (ബിടിഎ) ആദ്യപടിയായാണ് ഈ നീക്കത്തെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്.
കരാർ പ്രകാരം വരും വർഷങ്ങളിൽ ഏകദേശം 500 ബില്യൺ ഡോളറിന്റെ യുഎസ് ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2025 ഫെബ്രുവരിയിൽ ആരംഭിച്ച ചർച്ചകളുടെ ക്രോഡീകരണമാണ് ഈ പുതിയ പ്രഖ്യാപനം.
പ്രധാന മാറ്റങ്ങൾ
കരാർ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആശ്വാസമാകും. വസ്ത്രങ്ങൾ, പാദരക്ഷകൾ, ലെതർ ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്, റബർ, ജ്വല്ലറി, ഗൃഹാലങ്കാര വസ്തുക്കൾ എന്നീ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് കുറഞ്ഞ നികുതി നിരക്കിന്റെ ഗുണം ലഭിക്കും.അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്കുള്ള നികുതി ഇന്ത്യ കുറയ്ക്കും. സോയാബീൻ ഓയിൽ, വൈൻ, സ്പിരിറ്റ്സ്, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങി വിവിധ അമേരിക്കൻ കാർഷിക-വ്യവസായ ഉത്പന്നങ്ങളുടെ തീരുവയാണു കുറയുന്നത്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഊർജം, വിമാനഭാഗങ്ങൾ, സാങ്കേതികവിദ്യ, കൽക്കരി തുടങ്ങിയ മേഖലകളിലായി 500 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങും. ഡാറ്റ സെന്ററുകൾക്കും മറ്റും ആവശ്യമായ ജിപിയു ഉൾപ്പെടെയുള്ള ഹൈ-ടെക് ഉത്പന്നങ്ങളുടെ വ്യാപാരത്തിൽ ഇരു രാജ്യങ്ങളും സഹകരണം വർധിപ്പിക്കും.
തന്ത്രപരമായ പ്രാധാന്യം
വെറും വ്യാപാരത്തിനപ്പുറം, ആഗോള സാമ്പത്തിക ഭദ്രതയും വിതരണ ശൃംഖലകളുടെ സുരക്ഷയും ലക്ഷ്യമിട്ടുള്ളതാണ് കരാർ. ജനറിക് മരുന്നുകൾ, വിമാന ഭാഗങ്ങൾ എന്നിവയുടെ വ്യാപാരത്തിൽ നിലനിന്നിരുന്ന തടസങ്ങൾ നീക്കം ചെയ്യാനും അമേരിക്ക സമ്മതിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങളുടെയും ഐടി സാമഗ്രികളുടെയും ഇറക്കുമതിയുമായി ബന്ധപ്പെട്ട തടസങ്ങൾ ഇന്ത്യയും ലഘൂകരിക്കും.
സമഗ്രമായ ബിടിഎ കരാറിലേക്കുള്ള ചുവടുവയ്പ്പിൽ ഇടക്കാല കരാർ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരും മാസങ്ങളിൽ കരാറിലെ വ്യവസ്ഥകൾ പൂർണതോതിൽ നടപ്പാക്കാനുള്ള നടപടികൾക്കു തുടക്കമാകും.
