തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിന് ദേവസ്വം ബോര്‍ഡിന് 3.40 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഫണ്ട് വിനിയോഗത്തില്‍ അവ്യക്തതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കിട്ടിയില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍നിന്നു മൂന്നു കോടി രൂപ മുന്‍കൂറായി അനുവദിച്ചിരുന്നുവെന്നുമാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്. അയ്യപ്പസംഗമം നടത്തുന്ന കാര്യം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്സില്‍ ഇല്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം അയ്യപ്പസംഗമത്തിന് സര്‍ക്കാരില്‍ നിന്നോ ദേവസ്വം ബോര്‍ഡില്‍ നന്നോ പണം ചെലവാക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നു പണം ചെലവാക്കില്ലെന്നും സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് പരിപാടി നടത്തുന്നതെന്നുമാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നത്.
എന്നാല്‍ ഹൈക്കോടതി നിര്‍ദേശം ലംഘിച്ചുവെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്ന വിവരം.അയ്യപ്പസംഗമത്തിന് എട്ട് കോടിയില്‍പ്പരം രൂപ ചെലവ് വരുമെന്നാണ് ദേവസ്വം മന്ത്രി തന്നെ മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. ആഗോള അയ്യപ്പസംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയുണ്ട്.
