ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വ്യാജരേഖകൾ, ഡീപ് ഫേക്ക് വീഡിയോകൾ എന്നിവയുൾപ്പെടെയുള്ള ഉള്ളടക്കങ്ങൾക്കെതിരേ നടപടി കടുപ്പിച്ച് കേന്ദ്രം. പരാതി ലഭിച്ചാലോ, കോടതികൾ നിർദ്ദേശിച്ചാലോ അത്തരം ഉള്ളടക്കങ്ങൾ വെറും മൂന്നു മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.
നേരത്തെ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ 36 മണിക്കൂർ സമയമാണ് നൽകിയിരുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് മൂന്നു മണിക്കൂറായി കുറച്ചു. ഈമാസം 20 മുതൽ ഈ നിയമം നിലവിൽ വരും. തെരഞ്ഞെടുപ്പ് അട്ടിമറികൾ, വ്യക്തിഹത്യ, വർഗീയ സംഘർഷങ്ങൾ എന്നിവ ലക്ഷ്യമിട്ട് നിർമിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾക്കും എഐ ഉപയോഗിച്ചുള്ള വ്യാജ വിവരങ്ങൾക്കും തടയിടുകയാണ് ലക്ഷ്യം.
എഐ ഉപയോഗിച്ച് നിർമിച്ചതോ മാറ്റം വരുത്തിയതോ ആയ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവയിൽ “എഐ ജനറേറ്റഡ്’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങൾ, ലൈംഗിക വൈകൃതങ്ങൾ ചിത്രീകരിക്കുന്ന വീഡിയോകൾ, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ എന്നിവ തനിയെ കണ്ടെത്തി നീക്കം ചെയ്യാൻ പ്രത്യേക സോഫ്റ്റ്വെയർ സംവിധാനങ്ങൾ ഏർപ്പെടുത്താനും പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
