പരവൂർ: ഭാരത് ടാക്സി സർവീസിന്റെ സേവനം ഇനി എയർപോർട്ടുകളിലേക്കും. എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യയുമായി സഹകരിച്ചായിരിക്കും ഇത് പ്രവർത്തിക്കുക.തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിൽ നിരക്ക് നിയന്ത്രിതവും വേഗത കുറഞ്ഞതുമായ കാബ് സേവനങ്ങൾ അവതരിപ്പിക്കുന്നതിനായി എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യ ഭാരത് ടാക്സിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ന്യായമായ നിരക്ക് നിർണയം, വിശ്വസനീയമായ സേവനം, മികച്ച യാത്രാനുഭവം എന്നിവ നൽകുന്നതിനായിരിക്കും ഈ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കുക.
ഈ സഹകരണത്തിന് രാജ്കോട്ട്, വഡോദര, സൂറത്ത്, ദുജ്, പൂനെ, ഔറംഗാബാദ്, വാരാണസി, കാൺപൂർ, പ്രയാഗ് രാജ്, ആഗ്ര എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ആയിരിക്കും ഭാരത് ടാക്സി സർവീസ് ഉടൻ പ്രവർത്തനം തുടങ്ങുന്നത്.
വിമാനത്താവള പരിസരത്ത് നിയന്ത്രിതമായും നിയമവിധേയമായും ഇവ പ്രവർത്തനവും നടത്തുമ്പോൾ ആശയക്കുഴപ്പങ്ങളും തർക്കങ്ങളും കുറയ്ക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.സഹകരണാധിഷ്ഠിത ബിസിനസ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ദേശീയ വികസന ലക്ഷ്യങ്ങളുമായി കൈകോർക്കുകയും ചെയ്യുക എന്നതാണ് എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യ ഇതുവഴി സാധ്യമാക്കുന്നത്.
സഹകാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവർ ഉടമസ്ഥതയിലുള്ള ടാക്സി സർവീസാണ് ഭാരത് ടാക്സി.മറ്റ് ആപ്പ് അധിഷ്ഠിത ടാക്സി പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി സമാനതകളില്ലാത്ത നിരക്ക് നിർണയ രീതിയാണ് ഭാരത് ടാക്സി പിന്തുടരുന്നത്. ഇത് യാത്രക്കാർക്ക് ന്യായമായ നിരക്കുകൾ ഉറപ്പാക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഡ്രൈവർമാർക്ക് ഉടമസ്ഥാവകാശം, വരുമാന സുരക്ഷ എന്നിവയും ഭാരത് ടാക്സി ഗ്യാരണ്ടിയായി നൽകുന്നു.
