ഏറ്റുമാനൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണമെങ്കിൽ ഈ കുഴിയിൽ ചാടിയേ പറ്റൂ. യാത്രക്കാർക്ക് നടുവൊടിയാതെ ഇവിടേക്ക് കടക്കാനാവില്ല.
എംസി റോഡിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴിയുടെ തുടക്കത്തിലാണ് വലിയ കുഴി നാളുകളായി നിലനിൽക്കുന്നത്. അനുദിനം വ്യാപ്തി വർധിക്കുന്ന കുഴിയുടെ ആഴം വർധിച്ച് ഇപ്പോൾ അപകടാവസ്ഥയിലായി. കുഴിക്ക് ഇപ്പോൾ ഒരടിയോളം ആഴമുണ്ട്.
ബസുകൾ കുഴിയിൽ ചാടിയാൽ പോലും യാത്രക്കാരുടെ നടുവൊടിയും. സ്റ്റാൻഡിലേക്ക് യാത്രക്കാരുമായി എത്തുന്ന കാറുകളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും അപകടത്തിൽ പെടുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.
ഇവിടെ കുഴി അടച്ചാൽ തന്നെയും വൈകാതെ വീണ്ടും കുഴി രൂപപ്പെടും. വീണ്ടും കുഴി ഉണ്ടാകാത്ത വിധം ശാശ്വതമായ പരിഹാരമാണ് ഉണ്ടാകേണ്ടത്. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴി അടയ്ക്കേണ്ടത് കെഎസ്ആർടിസിയാണ്. എന്നാൽ ഇക്കാര്യത്തിൽ അവർ വലിയ അലംഭാവമാണ് കാട്ടുന്നത്.
